തിരുവനന്തപുരം: കെ.എം.മാണിയെ ചൊല്ലി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറി. വി.മുരളീധരനെതിരേ ചെങ്ങന്നൂരിലെ പാർട്ടി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ള പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് പരാതി നൽകി. ശ്രീധരൻപിള്ളയുടെ പരാതി കുമ്മനം യോഗത്തിൽ വായിച്ചു. മുരളീധരൻ പ്രസ്താവന തിരുത്തണമെന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം ആവശ്യപ്പെട്ടു. കാര്യം കഴിഞ്ഞപ്പോൾ കലമുടയ്ക്കുന്ന സമീപനമാണു മുരളീധരന്റേതെന്ന് എം.ടി.രമേശ് കുറ്റപ്പെടുത്തി.
നേരത്തെ, കെ.എം.മാണിയെ ചൊല്ലി ബിജെപിയിൽ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. മാണിയെ സംബന്ധിച്ച ബിജെപി നേതാവ് വി.മുരളീധരന്റെ നിലപാടു തള്ളി പാർട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ രംഗത്തെത്തിയതാണ് ഈ നിരയിലെ ഒടുവിലെ പരാമർശം. ആരോടും അയിത്തമില്ലെന്നും വോട്ടാണ് പ്രധാനമെന്നും കുമ്മനം പറഞ്ഞു. വോട്ടിനായി ആരുമായും സഹകരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
അഴിമതിക്കാരനായ മാണിയെ വേണ്ടെന്ന് വി.മുരളീധരനും മാണിയോട് അയിത്തമില്ലെന്നു ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ളയും കഴിഞ്ഞ ദിവസം പരസ്യമായി നിലപാടെടുത്തതോടെയാണ് വിഷയത്തിൽ ബിജെപിക്കുള്ളിൽ സമവായമില്ലെന്ന് വ്യക്തമായത്.