തന്റെ ആദ്യ ചലച്ചിത്രം തിയേറ്ററുകളില് എത്തിയിട്ട് 20 വര്ഷം തികയുന്ന ഈ വേളയില്, തിരിഞ്ഞു നോക്കുമ്പോള് ആദ്യം ഓര്മ വരുന്നത് ഈ ഷോട്ടാണ് എന്ന് കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി മുരളി ഗോപി.
രസികന്റെ ലൊക്കേഷന്. കൊച്ചിയിലെ രവിപുരത്തെ ഒരു കോളനി. മേഘാവൃതമായ പകല്. ഗ്രൗണ്ട് ലെവലില് രാജീവ് രവി ഫ്രെയിം വച്ചു. ലാല് ജോസ് പറഞ്ഞു: വലത് കാല് വച്ച് കയറിക്കോ…നടന്നോ… ഞാന് കയറി. നടന്നു. നാളിതുവരെ, എന്റെ സിനിമാപ്രവര്ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചവര്ക്ക് നന്ദി.
നിരുത്സാഹികള്ക്കും നന്ദി. പുകഴ്ത്തിയവര്ക്കും ഇകഴ്ത്തിയവര്ക്കും നന്ദി. സ്നേഹിച്ചവര്ക്കും വെറുത്തവര്ക്കും നന്ദി. കടന്നുവന്ന വഴികളില്, വെളിച്ചവും ഊര്ജവും നല്കിയ നിങ്ങളേവരുടെയും മുന്നില് എന്റെ വന്നതും വരാനിരിക്കുന്നതുമായ എല്ലാ ശ്രമങ്ങളും സമര്പ്പിച്ചുകൊണ്ട് യാനം തുടരട്ടെ എന്ന് മുരളി ഗോപി കുറിച്ചു.