കൊച്ചി: എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ചിത്രത്തിന്റെ കഥാകൃത്ത് മുരളി ഗോപി. തൂലികയും മഷിക്കുപ്പിയും ചേര്ത്തുവച്ച ഒരു ഫോട്ടോയാണ് മുരളി ഗോപി ഫേസ്ബുക്കില് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്ക്കകം നിരവധി പേരാണ് മുരളി ഗോപിയെ പിന്തുണച്ച് കമന്റുമായി എത്തിരിക്കുന്നത്.
മാര്ച്ച് 27നായിരുന്നു പ്രേക്ഷകര് കാത്തിരുന്ന എമ്പുരാന് തീയറ്ററുകളില് എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്ന്നു. തുടര്ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന് അണിയറ പ്രവര്ത്തകര് തീരുമാനിച്ചു. ഇതിന് പിന്നാലെ ഖേദപ്രകടനവുമായി നടന് മോഹന്ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഈ സമയത്തൊന്നും കഥാകൃത്ത് മുരളി ഗോപി പ്രതികരിച്ചിരുന്നില്ല.
പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്. ‘ചരിത്രങ്ങള് രേഖപ്പെടുത്തിയിരുന്നത് ഈ മഷിയും തൂവലും ഉപയോഗിച്ച് തന്നെയാണ് . ഞാന് എഴുതിയത് ചരിത്ര സത്യമാണെന്ന് ഈ ചിത്രത്തിലൂടെ അദ്ദേഹം പറയാതെ പറയുന്നു..’,
“എഴുതാന് അറിയുന്നവര് മൗനമാവുന്നത് മുനയൊടിഞ്ഞ പേന പോലെയാണ്.. മഷിയുണ്ട്, പക്ഷെ എഴുതാന് പറ്റില്ല.. മുന്നോട്ട് പോവുക.. ആശയങ്ങള് പറയുക..നമ്മുടെ മൗനത്തെ പോലും അവര് ആയുധമാക്കിക്കൊണ്ടിരിക്കുന്നു. ‘വെട്ടാനാണ് ഉദ്ദേശമെങ്കില് എഴുതാന് തന്നെ തീരുമാനം’ എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്.