യാത്രയായതു മനുഷ്യമനസിന്റെ വ്യഥകളും സന്തോഷങ്ങളും അന്തര്‍സംഘര്‍ഷങ്ങളും അക്ഷരങ്ങളിലൂടെ തലമുറകള്‍ക്കു പകര്‍ന്നു നല്കിയ എഴുത്തിന്റെ പുണ്യം. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം പൊന്‍പ്രഭ ചാര്‍ത്തിയ പ്രതിഭ. എല്ലാ അര്‍ഥത്തിലും ഇതിഹാസമായിരുന്നു എം.ടി. വാസുദേവന്‍ നായര്‍.
നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തമേലകളിലും വിരല്‍മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി അറിയപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ ആറു സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ശൈഥില്യത്തോടെ തകര്‍ച്ചയിലേക്കുനീങ്ങിയ മരുമക്കത്തായ വ്യവസ്ഥയും നായര്‍ തറവാടുകളും അവിടുത്തെ നിസഹായരായ മനുഷ്യരുമാണ് എംടിയുടെ ആദ്യകാല രചനകളുടെ പശ്ചാത്തലം. എക്കാലത്തെയും മനുഷ്യന്റെ ഒറ്റപ്പെടലും പ്രതിഷേധവും അന്തര്ക്ഷോഭങ്ങളും വികാരങ്ങളുമെല്ലാമായി ആ ഭാഷാതീക്ഷ്ണത പിന്നീട് മലയാളസാഹിത്യത്തിലും സിനിമയിലും ആളിപ്പടര്‍ന്നു.
വിക്ടോറിയ കോളജ് പഠനകാലത്ത് പ്രസിദ്ധീകരിച്ച രക്തം പുരണ്ട മണ്തരികള് ആണ് ആദ്യകഥ. 1953-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ കഥാമത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ് എഴുത്തുകാരന് എന്നനിലയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇക്കാലത്ത് പാതിരാവും പകല്‍വെളിച്ചവും എന്ന ആദ്യനോവല്‍ പ്രമുഖ ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡഃശയായി പുറത്തുവന്നു.
1958ല്‍ പ്രസിദ്ധീകരിച്ച നാലുകെട്ട് ആണ് ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. തകരുന്ന നായര്‍ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തര്ക്ഷോഭങ്ങളെയും ആവിഷ്കരിച്ച ഈ കൃതി 1959ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. അറുപതുകളോടെ എംടി മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരനായി അംഗീകരിക്കപ്പെട്ടു. 1999ല്‍ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി.
സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് ചലച്ചിത്രലോകത്ത് എംടി പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന് എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ എംടി 50-ലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ ഉണ്ടായിരുന്നു. നിര്‍മാല്യം(1973), ബന്ധനം, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍ വെളിച്ചവും, അറബിപ്പൊന്ന്’ (എന്‍.പി. മുഹമ്മദുമായി ചേര്‍ന്നെഴുതിയത്), രണ്ടാമൂഴം, വാരണാസി എന്നിവയാണ് നോവലുകള്‍.
ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍-എസ്-സലാം, രക്തം പുരണ്ട മണ് തരികള്‍, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്, ഓപ്പോള്, നിന്റെ ഓര്‍മയ്ക്ക്, വിത്തുകള്‍, കര്‍ക്കിടകം, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, ശിലാലിഖിതം എന്നീ കഥകളും ആ തൂലികയില്‍നിന്നു പിറന്നു. മുറപ്പെണ്ണ്, നിര്‍മാല്യം, സദയം, സുകൃതം, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, പെരുന്തച്ചന്, ഒരു വടക്കന്‍ വീരഗാഥ എന്നിങ്ങനെ എണ്ണം പറഞ്ഞ സിനിമകളും എംടി മലയാളത്തിന് സമ്മാനിച്ചു.
2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, ജെ.സി. ദാനിയേല്‍ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികള്‍ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു.
ഏഴുപതിറ്റാണ്ട് എഴുത്തിന്റെ സുകൃതമായി മാറിയ അതുല്യ വ്യക്തിത്വം, കൈവച്ച മേഖലകളില്‍ എല്ലാം ഉയരങ്ങളില്‍ എത്തിയ പ്രതിഭാശാലി, മലയാള ഭാഷയ്ക്ക് രണ്ടാമൂഴം നല്കിയ എഴുത്തിന്റെ കുലപതിക്ക് അക്ഷരലോകത്തിന്റെ ഓര്‍മപ്പൂക്കള്‍…
പ്രദീപ് ഗോപി