കോഴിക്കോട്: നാലുവര്‍ഷം മുമ്പ് അബുദാബിയില്‍ നടന്ന മലയാളികളുടെ ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ മൈസൂരുവിലെ നാട്ടുവൈദ്യന് ഷാബ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് സിബിഐ കണ്ടെത്തി. അഞ്ചു പ്രതികളെയും കോഴിക്കോട് ജില്ലാ ജയിലില്‍ എത്തി സബിഐ അറസ്റ്റ് ചെയ്തു.
രണ്ടു പ്രതികള്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരും ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന് അഷ്റഫ്, നടുത്തൊടിക നിഷാദ്, കൂത്രാടന്‍ മുഹമ്മദ് അജ്മല്‍, വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷരിഫ്, പുളക്കുളങ്ങര ഷബീബ് റഹ്മാന് എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.
കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെയും മാനേജറായിരുന്ന ചാലക്കുടി സ്വദേശി ഡെന്സിയെയുമാണ് 2020 മാര്‍ച്ച് അഞ്ചിന് അബുദാബിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കുടുംബത്തിനുള്ള സംശയമാണ് പോലീസ് അന്വേഷണത്തിലേക്ക് എത്തിയത്. ഹാരിസിന്റെ മരണം കൈയുടെ ഞരമ്പ് മുറിച്ചായിരുന്നു എന്നതിനാല്‍ ഡെന്‍സിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തു എന്നായിരുന്നു പോലീസിന്റെ നിഗമനം.
കോഴിക്കോട് മെഡിക്കല്‍ കോളജ് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടെ ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചെങ്കിലും കൊലപാതകമാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെ ഹാരിസിന്റെ മാതാവ് നല്കിയ ഹർജിയില്‍ കേസ് സിബിഐക്ക് വിടാന്‍ കേരള ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ഇരട്ടക്കൊലപാതകമാണെന്ന സൂചനകള്‍ ലഭിച്ച അന്വേഷണ സംഘം ആവശ്യമായ തെളിവുകള്‍ സമാഹരിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ സം ഘം തന്നെയാണ് അബുദാബിയിലും കൊല നടത്തിയതിനും ആസൂത്രണത്തിനും പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഷാബ ഷരീഫ് കേസില്‍ ഇതുവരെ പിടിയിലാവാത്ത കൈപ്പഞ്ചേരി ഫാസില്‍, കുന്നേക്കാടന്‍ ഷമീം എന്നിവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണു വിവരം. ഷാബ ഷരീഫിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ഷൈബിന് അഷ്റഫ് പിടിയിലായ ശേഷമാണ് ഇയാളുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഹാരിസിന്റെ മരണത്തിലും ഷൈബിന് അഷ്റഫിനും കൂട്ടാളികള്‍ക്കുമുള്ള പങ്ക് പുറത്തുവന്നത്.