കൊച്ചി: ഇടപ്പള്ളി മരോട്ടിച്ചോടില്‍ യുവാവിനെ നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി ഷെമീറിന്റെ അറസ്റ്റ് ആണ് എളമക്കര പോലീസ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
കൊല്ലപ്പെട്ട എറണാകുളം കൂനംതൈ സ്വദേശി പ്രവീണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി. പ്രവീണിനും ഷെമീറിനുമൊപ്പം താമസച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് പോലീസ് പറഞ്ഞു.
തിരുവോണ ദിനത്തില്‍ രാവിലെയാണ് ഇടപ്പള്ളി മരോട്ടിച്ചോട് ഭാഗത്ത് നടുറോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നു. ശനിയാഴ്ച രാത്രി മൂവരും ഒരുമിച്ചിരുന്ന് മദ്യം കഴിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
പ്രവീണിനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പ്രതി പിന്നീട് പോലീസിന് മൊഴി നല്കി. മര്‍ദനത്തിന് ശേഷം ഇവിടെ കിടന്നുറങ്ങിയ ഷെമീര്‍ പുലര്‍ച്ചെ ഇവിടെനിന്ന് പോയി. പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുമ്പോഴാണ് പ്രവീണ്‍ കൊല്ലപ്പെട്ടെന്ന് ഷെമീര്‍ അറിയുന്നത്.
മര്‍ദനത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന വസ്തുക്കള്‍ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മരോട്ടിച്ചോട് പാലത്തിന് കീഴിലായിരുന്നു ഇവരുടെ താവളം.
സാക്ഷികളില്ലാത്ത് കേസില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ജാഗ്രത പ്രതിയെ കുടുക്കി
സാക്ഷികളില്ലാതിരുന്ന കേസില്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ജാഗ്രതായാണ് പ്രതിയെ പിടികൂടാന്‍ സഹായകമയത്. കൊലപാതക കേസില്‍ പ്രതികളെ അന്വേഷിച്ച് എളമക്കര പോലീസ് സിസിടിവികളടക്കം പരിശോധിക്കുന്നതിനിടെ സംഭവം നടന്ന സ്ഥലത്തിന് സമീപത്തായി താമസിക്കുന്ന സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചു.
കൈകളില്‍ പരിക്കുപറ്റിയ ഒരാള്‍ ഇടപ്പള്ളിയിലെ ഒരു ബാറിലേക്ക് കയറിയിട്ടുണ്ടെന്നായിരുന്നു വിവരം. ഇതോടെ വിവരം എളമക്കര പോലീസിനും സ്പെഷല്‍ ബ്രാഞ്ചിനും കൈമാറിയ ശേഷം ഉദ്യോഗസ്ഥന് ഇടപ്പള്ളിയിലെ ബാറിലേക്ക് തിരിച്ചു.
അവിടെയെത്തി തിരച്ചില്‍ നടത്തുന്നത് മനസിലാക്കിയ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥന് ഇയാളെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് പോലീസ് ഷെമീറിനെ പിടികൂടുകയായിരുന്നു.