മുംബൈ: മഹാരാഷ്ട്രയിൽ വയോധികയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാർ അറസ്റ്റിൽ. താനെയിലെ സെക്ടർ ആറിൽ ഗീത ഭൂഷൺ ജഗ്ഗി (70), മകൻ ജിതേന്ദ്ര (45) എന്നിവരാണു കൊല്ലപ്പെട്ടത്.
ഇവരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ പത്തൊന്‍പത് വയസുകാരായ സഞ്ജയോത് മങ്കേഷ് ഡോഡ്കെ, ശുഭം മഹീന്ദ്ര നാരായണി എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലപ്പെട്ട ജിതേന്ദ്രയും പ്രതികളും പരിചയക്കാരാണ്. ഡിസംബർ 31ന് രാത്രി പാർട്ടിക്ക് ഇവരെ ജിതേന്ദ്ര വീട്ടിലേക്കു ക്ഷണിച്ചിരുന്നു. മദ്യലഹരിയിൽ ജിതേന്ദ്ര ഇവരോട് ലൈംഗികമായി പെരുമാറിയെന്നും ഇതാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
കൊലയ്ക്കുശേഷം കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ, പഴ്സ്, ടാബ്, ആഭരണങ്ങൾ എന്നിവ കൈക്കലാക്കി ഇരുവരും വീട്ടിൽനിന്ന് ഓടിപ്പോകുകയായിരുന്നു.