ലക്നൗ: സുഹൃത്തിന്റെ വീട്ടിൽ കയറി രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ യുപി പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഉത്തർപ്രദേശിലെ ബദൗണിൽ ബാബ കോളനിയിലാണു സംഭവം. ഇവിടെ ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് ഇരട്ടക്കൊല നടത്തിയത്.
പ്രതിയുടെ സുഹൃത്തായ വിനോദിന്റെ മൂന്നു മക്കളിൽ ആയുഷ് (13), അഹാൻ (7) എന്നിവരാണു കൊല്ലപ്പെട്ടത്. രണ്ടു കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് വിനോദിന്റെ വീട്ടിലെത്തിയ സാജിദ് വീട്ടുകാരോട് ചായ ചോദിച്ചു. വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാൾ ടെറസിലെത്തി വിനോദിന്റെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടർന്നു നഗരത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച കൊലപാതകി ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചതായി പോലീസ് പറഞ്ഞു.
കുട്ടികളുടെ പിതാവുമായുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണു സൂചന. പ്രദേശത്ത് സമാധാനം നിലനിർത്തണമെന്നു ബുദൗൺ ജില്ലാ മജിസ്ട്രേറ്റ് മനോജ് കുമാർ ആഹ്വാനം ചെയ്തു.