മൂവാറ്റുപുഴ: തടിമില്ല് ജീവനക്കാരായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതി ഗോപാല്‍ മാലിക്കിനെ നാളെ മൂവാറ്റുപുഴയിലെത്തിക്കും. കേരള പോലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒഡീഷ പോലീസാണു റെയില്‍വേ സ്റ്റേഷനില്‍ ഗോപാലിനെ തടഞ്ഞുവച്ച് കേരള പോലീസിനു കൈമാറിയത്.
തുടർന്ന് ട്രാൻസിറ്റ് വാറന്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒഡിഷ കോടതിയിൽ ഹാജരാക്കിയശേഷം ഇന്ന് രാത്രിയോടെയാകും മൂവാറ്റുപുഴയിലേയ്ക്ക് തിരിക്കുക. പ്രതി കുറ്റംസമ്മതിച്ചതായാണ് പോലീസിൽനിന്നും ലഭിക്കുന്ന വിവരം.
ആനിക്കാട് അടൂപ്പറമ്പിലെ തടിമില്ല് ജീവനക്കാരായ മൊഹന്തോ (40), ദീപാങ്കര്‍ ബസുമ്മ (37) എന്നിവരെ കഴിഞ്ഞ ഞായറാഴ്ചയാണ് താമസ സ്ഥലത്ത് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കൂടെ ജോലി ചെയ്തിരുന്ന ആളാണ് പ്രതി ഗോപാല്‍ മാലിക്ക്. ട്രെയിനില്‍ യാത്ര സുരക്ഷിതമായിരിക്കില്ലെന്ന നിഗമനത്തെ തുടർന്ന് വിമാനമാർഗമാകും കേരളത്തിലേക്ക് പ്രതിയെ എത്തുക.
കൊലപാതകത്തിനു ശേഷമാണു ഇയാള്‍ നാട്ടിലേക്കു പോയതെന്ന് ഉറപ്പായതോടെയാണു പോലീസ് അതിവേഗം ഒഡീഷയിലേക്കു പുറപ്പെട്ടത്. നാട്ടിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിനു കാരണമെന്താണെന്നും കൊലപാതകത്തിനു പിന്നില്‍ മാറ്റാരെങ്കിലും ഉണ്ടോയെന്നും വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ഗോപാല്‍ മൂന്ന് മാസം മുമ്പാണു തടിമില്ലില്‍ ജോലി ചെയ്യാന്‍ വീണ്ടും എത്തിയതെന്നു തടിമില്ലിന്റെ നടത്തിപ്പുകാരന് ഷാഹുല്‍ ഹമീദ് പറഞ്ഞു.
നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന ഗോപാല്‍ ഒരു വര്‍ഷം മുമ്പ് ജോലി അവസാനിപ്പിച്ച് സ്വന്തം നാടായ ഒഡീഷയിലേക്ക് മടങ്ങിയിരുന്നതാണ്. തൊഴിലാളികളെ കിട്ടാതായതോടെ സമീപത്തുള്ള തടിമില്ലിലെ തൊഴിലാളിയാണു ഗോപാലിനെ വീണ്ടും ഇവിടേക്കു വിളിച്ചു വരുത്തിയത്.
മാന്യമായ സ്വഭാവക്കാരനായിരുന്നുവെന്നും ക്രിമിനല്‍ സ്വഭാവം ഒന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും തടിമില്ല് നടത്തിപ്പുകാരന് പറയുന്നു. തടിമില്ലില്‍ കൊല്ലപ്പെട്ട അസം സ്വദേശികളായ മൊഹന്തോയുടെയും ദീപാങ്കറിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ എംബാം ചെയ്ത ശേഷം നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിക്കു കൊണ്ടുപോയി.