കറുകച്ചാല്‍: ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപേര്‍ റിമാന്‍ഡില്‍. കറുകച്ചാലില്‍ ചട്ടിയും തവിയും എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ എറവുങ്കര നയനത്തില്‍ രഞ്ജിത്ത് കുമാര്‍ (റെജി, 43), ഇയാളുടെ ഭാര്യ സോണിയ തോമസ് (38) എന്നിവരെയാണു തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്.
കഴിഞ്ഞ 15ന് കറുകച്ചാലില്‍ പ്രവര്‍ത്തിച്ചിരുന്ന ചട്ടിയും തവിയും ഹോട്ടലില്‍ രഞ്ജിത്തിനെ ജീവനക്കാരനായ ജോസ് കെ. തോമസ് കത്തികൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ രഞ്ജിത്ത് മരണപ്പെടുകയുമായിരുന്നു.
സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരനായ ജോസ് കെ. തോമസിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് രഞ്ജിത് കുമാറിനെയും ഭാര്യ സോണിയ തോമസിനെയും പ്രേരണാ കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തത്.
സോണിയ മരണപ്പെട്ട രഞ്ജിത്തുമായി ചേര്‍ന്നു ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഇതിനിടയില്‍ സോണിയ ഹോട്ടല്‍ ജീവനക്കാരനായ ജോസ് കെ. തോമസുമായി സൗഹൃദത്തിലാകുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് ഹോട്ടല്‍ ഉടമയ്ക്കും സോണിയയ്ക്കുമിടയില് പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും പിന്നീട് രഞ്ജിത്ത്കുമാറും സോണിയയും ചേര്‍ന്ന് ഉടമയെ ആക്രമിക്കുന്നതിനു പ്രേരണ നല്‍കിയതായും കണ്ടെത്തുകയായിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷന് എസ്എച്ച്ഒ ജി. അനൂപിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. സോണിയയ്ക്ക് ഓച്ചിറ, നൂറനാട്, മാവേലിക്കര എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.