തൃപ്പൂണിത്തുറ: അയൽവാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച കേസിൽ പ്രതി മനോജിനെതിരെ കൊലക്കുറ്റം ചുമത്തും. വധശ്രമത്തിനായിരുന്നു ആദ്യം കേസെടുത്തിരുന്നത്. വ്യാഴാഴ്ച്ച വൈകിട്ടാണ് മനോജിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി സുന്ദരൻ (38) മരിച്ചത്.
കഴിഞ്ഞ 24ന് വൈകിട്ടായിരുന്നു അയൽവാസിയായ കരകുളം വീട്ടിൽ മനോജിന്റെ (50) കുത്തേറ്റ് സുന്ദരന് ഗുരുതര പരിക്കേറ്റത്. ഫോണിൽ വിളിച്ചു പ്രതിയുടെ വീട്ടിലേക്ക് വരുത്തിയ ശേഷം കത്രിക കൊണ്ട് സുന്ദരന്റെ ഇടതു നെഞ്ചിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
കഴുത്തിലും കുത്തിയിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ചോര വാർന്ന് ഓടി വീട്ടിലേയ്ക്ക് വരുന്നതിനിടെ സുന്ദരന്റെ വീടിന്റെ മുറ്റത്ത് വച്ചു തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്കാശുപത്രിയിലും എറണാകുളം ഗവ. മെഡിക്കൽ കോളജിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്ക്കാരത്തിനായി തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകും.
20 വർഷത്തിലേറെയായി സുന്ദരൻ തൃപ്പൂണിത്തുറ പള്ളിപ്പറമ്പ്കാവ് ഭാഗത്താണ് താമസിക്കുന്നത്. തെങ്ങുകയറ്റം, മരം വെട്ട് ഉൾപ്പെടെ ചെയ്യുന്ന സുന്ദരന്റെ വരുമാനം കൊണ്ടാണ് മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.