വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർണാടക സർക്കാർ ഉദ്യോഗസ്ഥ പ്രതിമയുടെ കൊലപാതകത്തിൽ ഡ്രൈവറെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരനായ ഡ്രൈവർ കുറ്റസമ്മതം നടത്തി. തന്നെ പിരിച്ചുവിട്ടതുകൊണ്ടാണ് പ്രതിമയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
സംസ്ഥാന മൈൻസ് ആൻഡ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റായ പ്രതിമ (45)യാണ് കുത്തേറ്റ് മരിച്ചത്. ഇവരുടെ ഭർത്താവും മകനും ബംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെ കർണാടകയിലെ ശിവമോഗ ജില്ലയിലായിരുന്നു.
പ്രതിമയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ശനിയാഴ്ച വൈകുന്നേരം 6 മണി വരെ പ്രതിമ ഓഫീസിലുണ്ടായിരുന്നതായ് കണ്ടെത്തി. അതിനുശേഷം കിരണിന് പകരം നിയമിച്ച ഡ്രൈവർ പ്രതിമയെ വീട്ടിലേക്ക് ഇറക്കിവിട്ടു. പിന്നീടാണ് കൊലപാതകം സംഭവിച്ചത്.
ശനിയാഴ്ച രാത്രി 8 നും ഞായറാഴ്ച രാവിലെ 8 നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. ദൊഡ്ഡകല്ലസന്ദ്രയിലെ രണ്ട് നിലകളുള്ള വീട്ടിലായിരുന്നു പ്രതിമയുടെ താമസം. ശിവമോഗയിലെ ഒരു കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പ്രതിമ ഒരു വർഷത്തിലേറെയായി ബംഗളൂരുവിൽ ജോലി ചെയ്തുവരികയായിരുന്നു.