ന്യൂഡൽഹി: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2022-ൽ ഇന്ത്യയിൽ മൊത്തം 28,522 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിദിനം ശരാശരി 78 കൊലപാതകങ്ങൾ അല്ലെങ്കിൽ ഓരോ മണിക്കൂറിലും മൂന്നിൽ കൂടുതൽ എന്നിങ്ങനെയാണ് കണക്ക്.
2022-ൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്(3,491). ബിഹാർ- 2,930, മഹാരാഷ്ട്ര – 2,295, മധ്യപ്രദേശ്-1,978, രാജസ്ഥാൻ -1,834, പശ്ചിമ ബംഗാൾ- 1,696 എന്നിങ്ങനെയാണ് സർക്കാർ ഏജൻസിയുടെ കണക്കുകൾ.
സിക്കിം (9), നാഗാലാൻഡ് (21), മിസോറാം (31), ഗോവ (44), മണിപ്പൂർ (47) എന്നിവയാണ് 2022-ൽ ഏറ്റവും കുറവ് കൊലപാതക കേസുകളുള്ള സംസ്ഥാനങ്ങൾ. കേന്ദ്രഭരണ പ്രദേശങ്ങളിൽ 2022ൽ ഡൽഹിയിൽ 509 കൊലപാതക കേസുകളും ജമ്മു കശ്മീർ (99), പുതുച്ചേരി (30), ചണ്ഡീഗഡ് (18), ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു (16), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (7) എന്നിങ്ങനെയും റിപ്പോർട്ട് ചെയ്യപ്പെട്ടു. ലഡാക്ക് (5), ലക്ഷദ്വീപ് (പൂജ്യം).
കൊലപാതകത്തിന് ഇരയായവരിൽ 95.4 ശതമാനവും മുതിർന്നവരാണ്. മൊത്തം ഇരകളിൽ 8,125 പേർ സ്ത്രീകളാണ്. അതേസമയം പുരുഷന്മാരാണ് 70 ശതമാനം. കഴിഞ്ഞ വർഷം കൊല്ലപ്പെട്ടവരിൽ ഒമ്പത് മൂന്നാം ലിംഗക്കാരും ഉണ്ടായിരുന്നു.
2022 ലെ ഏറ്റവും കൂടുതൽ കൊലപാതക കേസുകളിലെ കാരണം തർക്കങ്ങളാണെന്ന് ഡാറ്റ കാണിക്കുന്നു. മഹാരാഷ്ട്രയിൽ 1,130, തമിഴ്നാട്- 1,045, ബിഹാർ- 980, മധ്യപ്രദേശ്- 726, ഉത്തർപ്രദേശ്- 710 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ തർക്ക കേസുകൾ രേഖപ്പെടുത്തിയത്. തർക്കങ്ങൾക്ക് ശേഷമുള്ള വ്യക്തിപരമായ പകയോ ശത്രുതയോ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 3,761 കേസുകളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ബിഹാർ (804), മധ്യപ്രദേശ് (364), കർണാടക (353) എന്നിവയാണ് പട്ടികയിൽ മുന്നിൽ.
എൻസിആർബി ഡാറ്റ പ്രകാരം സ്ത്രീധനം, മന്ത്രവാദം, ശിശു/നരബലി, വർഗീയ/മത, ജാതീയത, രാഷ്ട്രീയ കാരണം, ദുരഭിമാനക്കൊല, പ്രണയബന്ധങ്ങൾ എന്നിവയാണ് മറ്റ് കാരണങ്ങൾ. കുടുംബ തർക്കങ്ങൾ, അവിഹിത ബന്ധങ്ങൾ, തീവ്രവാദം/കലാപം, കവർച്ചകൾ, കൂട്ട സ്പർദ്ധ, സ്വത്ത്/ഭൂമി തർക്കങ്ങൾ, ചെറിയ വഴക്കുകൾ എന്നിവയും 2022 ലെ കൊലപാതകങ്ങൾക്ക് പിന്നിലെ പ്രേരണകളാണ്.