മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു അത്. സന്തോഷ്കുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ച പ്രകാരം അവര്‍ അവിടെയെത്തി അത് സന്തോഷ്കുമാറാണെന്ന് തിരിച്ചറിഞ്ഞു.
സന്തോഷ്കുമാറിന്റെ കഴുത്തില്‍ രണ്ടു പവന്റെ സ്വര്‍ണമാല ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. സന്തോഷ്കുമാറിന്റെ വസ്ത്രങ്ങളും മൊബൈല്‍ഫോണും നഷ്ടമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം ഇന്‍സ്പെക്ടര്‍ ജയകുമാറും സംഘവും സ്റ്റേഷനില്‍ തിരിച്ചെത്തി.
നിര്‍ണായക തെളിവായി ആ ഹോട്ടല്‍ ദൃശ്യങ്ങള്‍
സുജിത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. അയാള്‍ ആദ്യം പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. ഇയാളുടെ കോള്‍ ഡീറ്റെയില്‍സ് വീണ്ടും പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ വീണ്ടും പരിശോധിച്ചപ്പോള്‍ നേര്യമംഗലത്ത് ഏറെനേരം തുടര്‍ന്നതായി കാണിച്ചു.
ഈ തെളിവുകളെല്ലാം കാണിച്ച് ചോദ്യം ചെയ്തെങ്കിലും സുജിത്ത് പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞു മാറി. തുടര്‍ന്നാണ് വാഴക്കുളത്തെ വികാസ് ഹോട്ടലില്‍നിന്നുള്ള ആ സിസിടിവി ദൃശ്യങ്ങള്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍ സുജിത്തിനെ കാണിച്ച് അയാളെ ചോദ്യം ചെയ്തത്. അതുകണ്ട സുജിത്ത് ഒരു നിമിഷം പകച്ചുപോയി. സുജിത്തും സന്തോഷ്കുമാറും വാഴക്കുളത്ത് വികാസ് ഹോട്ടലില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെതായിരുന്നു ആ ദൃശ്യങ്ങള്‍.
സുജിത്തിന് പിന്നെ ഏറെനേരം പിടിച്ചു നില്ക്കാനായില്ല. ഒടുവില്‍ അയാള്‍ താന്‍ ചെയ്ത ആ ക്രൂരമായ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ ഇന്‍സ്പെക്ടര്‍ ജയകുമാറിനു മുന്നില്‍ എണ്ണിയെണ്ണി പറഞ്ഞു. ഇതിനിടയില്‍ ഡിഎന്‍എ പരിശോധനാഫലത്തില്നിന്ന് കൊല്ലപ്പെട്ടത് സന്തോഷ്കുമാര്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരു ന്നു.
ഷെയറിട്ടുള്ള മദ്യപാനത്തിലെ സുഹൃത്തുക്കള്‍
സുജിത്തും സന്തോഷ്കുമാറും തമ്മില്‍ മുന്‍ പരിചയമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ബാറില്‍ വച്ചു കണ്ട് പരിചയപ്പെട്ടതാണ് ഇരുവരും. ഷെയറിട്ട് മദ്യം വാങ്ങി പലപ്പോഴും ഒരുമിച്ചിരുന്നു കഴിച്ചിരുന്നതായി സുജിത്ത് പോലീസിനോട് വെളിപ്പെടുത്തി. സന്തോഷ്കുമാര്‍ 28ന് ജോലി കഴിഞ്ഞു വരുന്ന വഴി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബാറിലെത്തിയപ്പോള്‍ അവിടെ സുജിത്തുണ്ടായിരുന്നു. ഇരുവരും പതിവുപോലെ ഷെയറിട്ട് മദ്യപിച്ചു.
പിന്നീട് ഒരു കുപ്പി മദ്യം കൂടി വാങ്ങി. വികാസ് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം മദ്യപിക്കുമ്പോള്‍ കഴിക്കാനായി ഇറച്ചിക്കറിയും വാങ്ങി. തുടര്‍ന്ന് സുജിത്തിന്റെ കാറില്‍ കയറി നേര്യമംഗലം ഭാഗത്തേക്കു പോയി. നേര്യമംഗലത്തു നിന്ന് ഇടത്തേക്കുളള വഴി പോയാല്‍ കാളക്കടവ് ഭാഗത്ത് മണല്‍ വാരുന്ന സ്ഥലമാണ്. ഇവിടെ വിജനമായ പ്രദേശമാണ്. ഇരുവരും അവിടെയെത്തി വീണ്ടും മദ്യപിക്കാന്‍ തുടങ്ങി.
സി. ജയകുമാര്‍ അസി. പോലീസ് കമ്മീഷണര്‍, എറണാകുളം സെന്‍ട്രല്‍
സുജിത്തിന്റെ കണ്ണ് രണ്ടു പവന്റെ മാലയില്‍
ബാറിലിരുന്ന് മദ്യപിക്കുമ്പോഴെല്ലാം സുജിത്തിന്റെ കണ്ണ് സന്തോഷ്കുമാറിന്റെ കഴുത്തില്‍ക്കിടക്കുന്ന രണ്ടു പവന് തൂക്കം വരുന്ന സ്വര്ണമാലയിലായിരുന്നു. എങ്ങനെയെങ്കിലും അത് കൈക്കലാക്കണമെന്ന ചിന്തയിലായിരുന്നു അയാള്‍. അതിനുവേണ്ടിയാണ് നേര്യമംഗലം ഭാഗത്തുള്ള ഒഴിഞ്ഞ പ്രദേശത്തിരുന്ന് മദ്യപിക്കാനായി സന്തോഷ്കുമാറിനെ കൂട്ടിക്കൊണ്ടുപോയതും.
ഒടുവില്‍ അയാള്‍ ആ ക്രൂരം കൃത്യം നിര്‍വഹിച്ചു. നേര്യമംഗലം പിറക്കുന്നംകര ഉപ്പുച്ചിറ ഭാഗത്തുവച്ച് രാത്രി 11 ഓടെ സമീപത്തു കിടന്നിരുന്ന കല്ലെടുത്ത് സന്തോഷ്കുമാറിന്റെ തലയ്ക്ക് പിന്നിടിച്ച് മരണം ഉറപ്പാക്കി. അതിനുശേഷം സന്തോഷ്കുമാറിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്റെ സ്വര്‍ണമാല ഊരിയെടുത്തു.
അദേഹത്തിന്റെ ഷര്‍ട്ടും മുണ്ടും ചെരിപ്പും മൊബൈല്‍ഫോണും കൈക്കലാക്കി. തുടര്‍ന്ന് മൃതദേഹം കാറിന്റെ ഡിക്കിയില്‍ എടുത്തിട്ട് മാമലക്കണ്ടം വട്ടവളവ് ഏഴാം മൈല്‍ ഭാഗത്തുകൊണ്ടുവന്നു മലമുകളില്‍ നിന്ന് 250 അടി താഴ്ച്ചയിലേക്ക് തള്ളിയിട്ടു. ഈ ഭാഗത്ത് കാടാണ്. മൃതദേഹത്തില്‍നിന്ന് എടുത്ത ചെരിപ്പ് കോതമംഗലം പുഴയില്‍ കോഴപ്പിള്ളി ഭാഗത്ത് പാലത്തിനു താഴെയുള്ള സ്ഥലത്ത് എറിഞ്ഞു.
മൊബൈല്‍ഫോണ്‍, ദോത്തി, ഷര്‍ട്ട് എന്നിവ റിസര്‍വ് ഫോറസ്റ്റില്‍ അട്ടിക്കുളം ഭാഗത്ത് ആറാം മൈലില്‍ മാമലക്കണ്ടം റോഡിലേക്ക് എറിഞ്ഞു കളഞ്ഞു. പ്രതി കൃത്യം നിര്‍വഹിക്കുന്ന സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ടിലും കാറിലുണ്ടായിരുന്ന രണ്ടു ടര്‍ക്കി ടവ്വലിലും രക്തക്കറ പുരണ്ടിരുന്നു. ഇവ അടിമാലി കോതമംഗലം റോഡിലെ ആറാം മൈല്‍ ഭാഗത്ത് റിസര്‍വ് വനത്തില്‍ ഉപേക്ഷിച്ചു. ഉളിപ്പാറച്ചിറ ഭാഗത്ത് പിറക്കുന്നം കരയില്‍ നേര്യമംഗലം ഊന്നുകല്‍ ലിങ്ക് റോഡില്‍ കല്‍വെര്‍ട്ടിന് അടുത്തായി ഒരു മീറ്റര്‍ അകലെ കൊലയ്ക്കു ഉപയോഗിച്ച കല്ല് ഉപേക്ഷിച്ചിരുന്നു.
പ്രതിയുമായി തെളിവെടുപ്പിലേക്ക്
ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, അഞ്ചാം ദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തി മേല്‍പ്പറഞ്ഞ സാധനങ്ങളെല്ലാം കണ്ടെത്തി.കൊലയ്ക്കു പ്രേരകമായ സ്വര്‍ണമാല കണ്ടെത്തിയത് സുജിത്തിന്റെ വീട്ടില്‍നിന്നുതന്നെയായിരുന്നു.
ഇയാളുടെ വീട്ടിലെ പഴയ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു കുട്ടിയുടെ പഴയ ഷൂസിനുള്ളിലായിരുന്നു സ്വര്‍ണമാല സൂക്ഷിച്ചിരുന്നത്. തെളിവെടുപ്പിനിടെ സുജിത്ത് ഇത് പോലീസിന് കാണിച്ചു കൊടുത്തു. തൊടുപുഴയിലെ ജ്വല്ലറിയില്‍നിന്ന് സന്തോഷ്കുമാര്‍ വാങ്ങിയ ആ സ്വര്‍ണമാലയ്ക്ക് അന്ന് 45,000 രൂപ വിലയുണ്ടായിരുന്നു.
സാക്ഷികളില്ലാത്ത കേസ്
സാക്ഷികളൊന്നും ഇല്ലാതിരുന്ന ഈ കേസിന് സാഹചര്യത്തെളിവുകളാണ് നിര്‍ണായകമായത്. പ്രമാദമായ പല കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇന്‍സ്പെക്ടര്‍ ജയകുമാറിന് തുടക്കത്തില്‍ ഈ കേസ് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ ദിവസങ്ങള്‍ക്കകം പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അദേഹത്തിനു കഴിഞ്ഞു. ഐപിസി 302, 392, 394, 201 വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവാണ് സുജിത്ത് തങ്കപ്പന് ലഭിച്ചത്.
സീമ മോഹന്‍ലാല്‍