പേരൂർക്കട: അന്പലമുക്ക് മണ്ണടി ലെയിനിലെ വീട്ടിൽ വീട്ടമ്മയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. മരണം ഉറപ്പാക്കിയശേഷം ശരീരം വീടിനു പുറത്ത് കൊണ്ടിട്ട് കത്തിച്ചതാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പോലീസ്.
ഹൗസ് നന്പർ 11 ദ്വാരകയിൽ ദീപ അശോകി (50) ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇരുകാലുകളുടെയും മുട്ടുമുതൽ കാൽപ്പാദം വരെയുള്ള ഭാഗത്തെ എല്ലുകൾ മാത്രമാണ് ചാരത്തിൽ അവശേഷിച്ചിരുന്നത്.
സംഭവം നടന്നയുടൻതന്നെ ഇവരുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഏതായാലും സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകം ആണെന്നും പോലീസ് ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. ദീപയുടെ മരണം നടക്കുന്പോൾ വീട്ടിൽ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന നിഗമനത്തിലാണ് പോലീസ്.
മൃതദേഹം കത്തിക്കരിഞ്ഞ ഭാഗത്തുതന്നെ കരിഞ്ഞ നിലയിൽ ഒരു മൊബൈൽഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ആത്മഹത്യയുടെ യാതൊരു ലക്ഷങ്ങളും ശവശരീരം കത്തിക്കരിഞ്ഞതിനു സമീപം ഉണ്ടായിരുന്നില്ല. വീര്യം കൂടിയ എന്തെങ്കിലും ദ്രാവകം ഒഴിച്ചാണ് ശരീരം കത്തിച്ചതെന്നു സംശയിക്കത്തക്ക തെളിവുകളും ഇവിടെയുണ്ടായിരുന്നു. രണ്ടുമൂന്നു മരങ്ങളും ഉയരംകൂടിയ തെങ്ങിന്റെ ഓലകളും ഏറെക്കുറെ കത്തിയ നിലയിലായിരുന്നു.
മരിച്ചതാരെന്ന് ആദ്യം വ്യക്തമായില്ലെങ്കിലും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ തന്റെ അമ്മയാണ് മരണപ്പെട്ടതെന്ന് മകൻ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ പുലർച്ചെ ഒന്നിനും അഞ്ചിനും ഇടയിലാണ് സംഭവമെന്നാണ് കരുതു ന്നതെന്ന് പോലീസ് പറയുന്നു. എന്നാൽ മരണത്തിനു തലേദിവസം എന്താണു നടന്നതെന്ന് ഇയാൾ വ്യക്തമാക്കിയിരുന്നില്ല. മകനെ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരത്തെ എൽഐസി ഏജന്റാണ് ദീപ. ഇവരുടെ ഭർത്താവ് അശോക് കഴിഞ്ഞ ആറു വർഷമായി കുവൈറ്റിലാണ്.