നേമം: യുവാവ് യുവതിയുടെ വീട്ടില്‍ കയറി കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതി അപകടനില തരണം ചെയ്തു.
ചികിത്സയിൽ കഴിയുന്ന യുവാവിന്റെ അറസ്റ്റും മറ്റു നടപടികളും പിന്നാലെ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
നേമം വെള്ളായണി പഴയകാരയ്ക്കാമണ്ഡപം പത്തുമുറി ലൈനില്‍ സൗഹൃദ റസിഡന്റ്സ് അസോസിയേഷന് പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന രമ്യ രാജേന്ദ്രനും (20) മുട്ടത്തറ സ്വദേശി ദീപക്കു (23) മാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. രമ്യയുടെ വീട്ടിലെത്തിയ ദീപക്ക് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടിട്ടും രമ്യ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതനായ ദീപക്ക് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് വീടിനുള്ളിൽ സോഫയിലിരിക്കുകയായിരുന്ന രമ്യയുടെ കഴുത്തറുത്തശേഷം സ്വന്തം കഴുത്തും അതേ കത്തിയുപയോഗിച്ചു മുറിവേൽപ്പിക്കുകയായിരുന്നു.
രമ്യയുടെ കഴുത്ത് മുറിവേൽപ്പിക്കുന്നതുകണ്ട് അമ്മ ലത ദീപക്കിനെ പിടിച്ചുതള്ളിയ ശേഷം പുറത്തേയ്ക്കിറങ്ങി ഓടാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് വീടിന്റെ മതില് ചാടി സമീപത്തെ വീടിനു പുറകിലിരുന്ന ദീപക്കിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു.
ഇതിനിടയില്‍ രമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി ഓട്ടോയില്‍ രമ്യയെ ശാന്തിവിള ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പോലീസെത്തിയ ശേഷമായിരുന്നു ദീപക്കിനെ ആശുപത്രിയിലാക്കിയത്.
ബംഗളൂരുവില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായിരുന്ന രമ്യ കോഴ്സ് പൂര്‍ത്തിയാക്കാതെ നാട്ടില്‍ മടങ്ങിയെത്തി വെള്ളായണിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് പോവുകയായിരുന്നു.
അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന ദീപക്കും രമ്യയും തമ്മില്‍ പരിചയക്കാരാണെന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് കരിപ്പൂര്‍ കോട്ടറത്തകോണത്താണ് രമ്യയുടെ കുടുംബവീട്. കാരയ്ക്കാമണ്ഡപത്തെ ഇവര്‍ വീട് വാടകയ്ക്കെടുത്തിട്ട് ആറ് വര്‍ഷമേ ആയിട്ടുള്ളൂ.
പെട്രോള്‍ പമ്പിലെ ജീവനക്കാരിയായ ലതയാണ് രമ്യയുടെ അമ്മ. ഡ്രൈവറായ രാഹുലാണ് സഹോദരന്. സംഭവം നടക്കുമ്പോള്‍ അമ്മ ലതയും അമ്മൂമ്മ ശാന്തമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.