കൊല്ലം: പതിനാലുകാരനെ കൊലപ്പെടുത്താന്‍ അമ്മ ജയമോള്‍ക്ക് പ്രേരണയായത് സാത്താന്‍ വിശ്വാസവും വിഷാദരോഗവുമെന്ന് സൂചന. ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. വീട്ടിലെ ലാന്‍ഡ്ഫോണില്‍നിന്നുള്ള വിളികളുടെ വിശദ വിവരം ബി.എസ്.എന്‍.എല്ലില്‍നിന്നു ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. ചാത്തന്നൂര്‍ എ.സി.പി: ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കൊട്ടാരക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയമോളെ കസ്റ്റഡിയില്‍ വാങ്ങാനായി പോലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. മകനെ അമ്മ ജയമോള്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത് സ്നേഹം നഷ്ടമാകുമോയെന്ന് ഭയന്നായിരുന്നെന്ന് മകള്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഒരു വര്‍ഷമായി മാനസീകമായി തളര്‍ന്ന അവസ്ഥയിലായിരുന്നു മാതാവെന്നും ചില സമയങ്ങളില്‍ അക്രമാസക്ത ആകുമെങ്കിലും ദേഷ്യം മാറുമ്പോള്‍ സാധാരണ നിലയില്‍ ആയിരുന്നതിനാല്‍ ചികിത്സിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും ജിത്തുവിന്റെ സഹോദരി വ്യക്തമാക്കി. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ മാതാവിനെ മോശക്കാരിയാക്കിയും സ്വഭാവദൂഷ്യമുള്ളവളാക്കിയും ചിത്രീകരിക്കുന്നത് അത്യധികം ദു:ഖിപ്പിക്കുന്ന കാര്യങ്ങളാണെന്നും പറഞ്ഞു.
പതിനഞ്ചിന് വൈകിട്ട് അഞ്ചരയോടെയാണ് കൊല നടത്തിയതെന്നാണ് ജയമോളുടെ മൊഴി.ഭര്‍ത്തൃവീട്ടില്‍ പോയിവന്ന മകനുമായി വാക്കുതര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്നുള്ള് പ്രകോപനത്താലായിരുന്നു കൊലപാതകം. മൃതദേഹം വലിച്ചിഴച്ചു മുറ്റത്തു കൊണ്ടുപോയി ചുറ്റുമതിലിനോടു ചേര്‍ന്നുള്ള സ്ഥലത്തിട്ടു കത്തിച്ചെന്നും പകുതി കത്തിയ മൃതദേഹം അവിടെനിന്നു തൊട്ടടുത്തുള്ള പറമ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി അവിടെയുള്ള ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. കൊലപാതകം സംബന്ധിച്ച് ജയമോളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. സ്വത്തുതര്‍ക്കത്തിലാണു കൊലയെന്നാണു ജയമോളുടെ മൊഴി.
എന്നാല്‍ യാതൊരുവിധ കുടുംബപ്രശ്‌നങ്ങളും ഇല്ലായിരുന്നെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. ഇവരുടെ ഭര്‍ത്താവിന്റെ നിസംഗതയും പോലീസ് തലവേദനയാവുകയാണ്.മകനെ കാണാതായതില്‍ ആഹാരം പോലും കഴിച്ചില്ലെന്ന് പറഞ്ഞ ജയമോള്‍ ബുധനാഴ്ച നല്‍കിയ ഒരു മൊഴിയാണ് അവരെ കുടുക്കിയത്. കൈയിലെ പൊള്ളല്‍ ശ്രദ്ധയില്‍ പെട്ട സി.ഐ കാര്യം തിരക്കിയപ്പോള്‍ റോസയുടെ മുള്ളു കൊണ്ടതാണെന്ന് പറഞ്ഞ ജയമോള്‍ വൈകിട്ട മറ്റൊരു എസ്ഐ ഇതേ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അടുപ്പ് കത്തിച്ചപ്പോള്‍ പറ്റിയതാണെന്ന് തിരുത്തിപ്പറഞ്ഞു.
ഗ്യാസ് അടുപ്പില്ലേ എന്ന ചോദ്യത്തിന് മുന്നില്‍ പക്ഷേ പതറി. തുടര്‍ന്ന് സംശയം തോന്നിയ പോലീസ് വീടിനു പിന്നില്‍ ചെന്നപ്പോള്‍ മതിലിനോട് ചേര്‍ന്ന് തീയിട്ടതിന്റെ സൂചനകള്‍ കണ്ടെത്തി കാര്യം തിരക്കിയപ്പോള്‍ കരിയില കത്തിച്ചെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് പോലീസിന് കുട്ടിയുടെ ഒരു ചെരുപ്പ് കിട്ടിയത്. മതിനപ്പുറത്തു നിന്ന് അടുത്ത ചെരിപ്പും കിട്ടി. അടുത്ത് കണ്ട ആളൊഴിഞ്ഞ കെട്ടിടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് അവിടേക്കു ചെന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ പതിനാലുകാരന്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെത്തുന്നത്.