ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയെ മൃഗീയമായി കൊല ചെയ്ത കേസിലെ കുറ്റപത്രം എറണാകുളം പോക്സോ കോടതിയിൽ സമർപ്പിച്ചു. ബീഹാർ അറാനിയ സ്വദേശിയായ പ്രതി അസ്ഫാക്ക് ആലത്തിനെതിരേ (28) ചുമത്തിയ പത്ത് വകുപ്പുകൾ പ്രകാരം തയാറാക്കിയ കുറ്റപത്രത്തിൽ 800 പേജുകളാണുള്ളത്.
ജൂലൈ 28ന് മുഹറം അവധി ദിനത്തിലാണ് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിഥിത്തൊഴിലാളി കൊല ചെയ്തത്. പ്രതിയെ അന്നു രാത്രി പിടികൂടിയെങ്കിലും കുട്ടിയെ ക്രൂരമായി കൊന്ന് ആലുവ മാർക്കറ്റിന് പിന്നിലെ ഒഴിഞ്ഞ പ്രദേശത്ത് ചാക്കിൽ കെട്ടി തള്ളിയ കാര്യം അടുത്ത ദിവസം രാവിലെയാണ് വ്യക്തമായത്.
തുടർന്ന് രണ്ട് തവണ തെളിവെടുപ്പ് നടത്തി. സംഭവം നടന്ന് മുപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്
കേസില് നാല്പതിലധികം സാക്ഷികളാണുള്ളത്.
പ്രതി കുട്ടിയെ വീടിന് സമീപത്തുനിന്ന് കൂട്ടിക്കൊണ്ട് പോകുന്നതും ആലുവ മാർക്കറ്റിന് പിന്നിലേക്ക് കൊണ്ടു പോകുന്നതും സിസിടിവി ദൃശ്യങ്ങള് പുറത്ത് വന്നിരുന്നു.
ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷമാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കേസിൽ നിർണായകമായി.
പ്രതി അസ്ഫാക്ക് ആലത്തിന്റെ ശരീര സ്രവം കുട്ടിയുടെ ശരീരത്തില് കണ്ടെത്തിയെന്ന് കുറ്റപത്രത്തില് വ്യക്തമാക്കുന്നുണ്ട്. ജ്യൂസ് നൽകി വീടിന് സമീപത്തുനിന്ന് ബസിൽ കയറ്റി മാർക്കറ്റിൽ വന്നിറങ്ങിയതും കൊലപാതകത്തിന് മുമ്പ് കുട്ടിക്ക് മദ്യം നല്കിയെന്നും കണ്ടെത്തലുണ്ട്.
കേസിൽ നിർണായകമായ കുട്ടിയുടെ വസ്ത്രവും ചെരിപ്പും അന്വേഷണ സംഘം സംഭവസ്ഥലത്തുനിന്ന് കണ്ടെടുക്കുകയുണ്ടായി. പ്രതിയുടെ പശ്ചാത്തലവും പോലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്.
അസ്ഫാക്ക് ആലത്തിനെതിരായ തെളിവുകൾ ശേഖരിക്കാൻ പ്രതിയുടെ താമസസ്ഥലമായ ബിഹാറിലേക്കും ഡൽഹിയിലേക്കും പോലീസ് സംഘം പോയിരുന്നു.
2018 ൽ ഡൽഹിയിലെ പോസ്കോ കേസിൽ ജയിലിലായ അസ്ഫാക്ക് വിചാരണ തുടങ്ങും മുമ്പ് മുങ്ങിയതാണ്. ടെറസിന് മുകളിൽ കളിക്കുകയായിരുന്ന കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് കേസ്.
ആലുവ ഉളിയന്നൂരിൽ മൂന്ന് മാസം പ്രതി താമസിച്ചിട്ടുണ്ട്. ജൂലൈ മാസം കുട്ടിയുടെ വീടിന് സമീപം താമസം തുടങ്ങിയ ശേഷമാണ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്.