മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ ഒന്നാംവാർഡിൽപെട്ട ആദിവാസി കോളനിയിൽ യുവതി സഹോദരീപുത്രന്റെ വെടിയേറ്റ് മരിച്ചത് രാത്രി വെള്ളിയാഴ്ച രാത്രി ഒന്പതോടെയാണ്.
കോളനിയിൽനിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള കേപ്പക്കാട് എന്ന സ്ഥലത്ത് കോളനിക്കാരുടെ കൃഷിക്ക് കാവലിരിക്കുന്ന സമയത്താണ് മാരികണ്ണൻ- ചാപ്പു ദന്പതികളുടെ മകളും അവിവാഹിതയുമായ ചന്ദ്രിക (30) വെടിയേറ്റ് മരിച്ചത്.
ചന്ദ്രികയോടൊപ്പം കൃഷിക്കാവലിനുണ്ടായിരുന്ന രൻജിത, അജിത, മുരുകമ്മ, മാരിയപ്പൻ, കുട്ടൻ എന്നിവർ നോക്കിനിൽക്കെ സഹോദരീ പുത്രനായ കാളിയപ്പനും കൂട്ടാളികളുംചേർന്ന് ചന്ദ്രികയുടെ കഴുത്തിൽ തോക്കിന്റെ കുഴൽ ചേർത്ത് വെടിവച്ചത്.
രക്തം ചീറ്റി ഒഴുകി തൽക്ഷണം മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളികേട്ട് സമീപത്തെ കോളനിയിൽനിന്നും ഓടിയെത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ മറയൂർ പോലീസ് വണ്ണാന്തുറവരെ പോലീസ് ജീപ്പിലും അവിടെനിന്ന് വന്യജീവി സങ്കേതത്തിലൂടെ എട്ടു കിലോമീറ്ററോളം കാൽ നടയായി രാത്രി പതിനൊന്നൊടെ സംഭവസ്ഥലത്ത് എത്തി. ഈസമയത്ത് കോളനിക്കാർ കെട്ടിയിട്ട പ്രതിയെ വനംവകുപ്പ് ജീവനക്കാർ കാവലിരുന്ന് പോലീസിന് കൈമാറി.
തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾക്കായി പോലീസ് രാത്രിതന്നെ കാടുമുഴുവൻ അരിച്ചുപെറുക്കി. തുടർന്ന് രണ്ടുകിലോമീറ്റർ അകലെയുള്ള പ്രതികളുടെ വീട്ടിൽ തിരച്ചിൽ നടത്തി മുന്നിൽനിന്നും പൂട്ടിയിരുന്ന വീടുവളഞ്ഞ്് വീടിനുള്ളിൽനിന്ന് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.
തമിഴ്നാടുമായി വളരെ അടുത്തുകിടക്കുന്ന പ്രദേശമാണ് പാളപ്പെട്ടി കോളനി. രാത്രിതന്നെ അവസരോചിതമായി പോലീസ് ഇടപെട്ട് പ്രതികളെ പിടികൂടിയില്ലായിരുന്നെങ്കിൽ പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാൻ സാധ്യതയേറെയായിരുന്നു.
മൃതദേഹം വനപാതയിലൂടെ ചുമന്നത് എട്ടു കിലോമീറ്ററോളം
മറയൂർ: സഹോദരീപുത്രന്റെ വെടിവെപ്പിൽ ദാരുണമായി കൊല്ലപ്പെട്ട ചന്ദ്രികയുടെ മൃതദേഹം വണ്ണാന്തുറ ചന്ദന ഡിവിഷനിലൂടെ എട്ടു കിലോമീറ്ററോളം ചുമന്നാണ് പുതുവെട്ടിൽ എത്തിച്ചത്.
വെള്ളിയാഴ്ച രാത്രി ഒന്പതോടെ കൊല്ലപ്പെട്ട ചന്ദ്രികയുടെ മൃതദേഹം ഇന്നലെ വൈകുന്നേരം നാലരയോടെ ഫോറൻസിക് വിദഗ്ധരും പോലീസുമെത്തി തെളിവെടുപ്പ് നടത്തിയശേഷമാണ് ആറോടെ എട്ടുകിലോമീറ്റർ വനപാതയിലൂടെ ചുമന്ന് പോസ്റ്റ്മോർട്ടത്തിനായി ആംബുലൻസിൽ കയറ്റിയത്.
സഞ്ചാരയോഗ്യമല്ലാത്ത പാതയായതിനാൽ പോലീസും ഫോറൻസിക് വിദഗ്ധരും വനപാതയിലൂടെ നടന്നാണ് സംഭവസ്ഥലത്ത് എത്തിയത്.
പ്രതികളുടെ വീട്ടിൽനിന്നും ആനക്കൊന്പുകൾ കണ്ടെടുത്തു
മറയൂർ: മറയൂർ പാളപ്പെട്ടിയിൽ സഹോദരിയുടെ മകൻ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ആനക്കൊന്പുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ നിർദേശപ്രകാരം കരിമുട്ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നടത്തിയ തെരച്ചിലിലാണ് മൂന്ന് ചെറിയ ആനക്കൊന്പുകൾ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 29-ന് അറസ്റ്റുചെയ്ത മണികണ്ഠന്റെ വീട്ടിലാണ് കൊലപാതകത്തിന്റെ സാഹചര്യത്തിൽ വനപാലകർ റെയ്ഡ് നടത്തിയത്. വീടിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയ ആനക്കൊന്പുകൾ കേസ് രജിസ്റ്റർചെയ്ത് വനപാലകർ കസ്റ്റഡിയിലെടുത്തു. കൊലപാതക കേസിൽ മണികണ്ഠൻ മറയൂർ പോലീസിന്റെ കസ്റ്റഡിയിലാണ്.
തോക്കും ആനക്കൊന്പും കണ്ടെത്തിയതോടെ വനമേഖല കേന്ദ്രീകരിച്ച് ഇതര സംസ്ഥാന സംഘം ഉൾപ്പെടെയുള്ള പ്രവർത്തനം വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.
മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ കരിമുട്ടി ഡെപ്യൂട്ടി റെയിഞ്ചർ ആഷിക് , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിവാകരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അൻഫാസ്, ഷൈജു, പ്രശാന്ത്, സബിൻ, നീധീഷ് ബാബു, അബ്ദുൾ റാസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് മണികണ്ഠന്റെ വീട്ടിൽ തെരച്ചിൽ നടത്തിയത്. ആനക്കൊന്പുകൾ കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.