തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. വലിയതുറ വേളാങ്കണ്ണി ജംഗ്ഷനിൽ അരുണാ കോട്ടേജിൽ താമസിക്കുന്ന അനു ജോർജ് (27) നെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.
കഠിനംകുളം പാടിയ്ക്കവിളാകം ക്ഷേത്രത്തിന് സമീപം മണക്കാട്ട് വീട്ടിൽ താമസിക്കുന്ന കൊച്ചുമോൻ എന്ന് വിളിയ്ക്കുന്ന ആകാശിനെ കൊലപ്പെടുത്തി തമിഴ്നാട്ടിലെ അഞ്ചുഗ്രാമത്തിന് സമീപത്തെ വിജനമായ പ്രദേശത്ത് കൊണ്ട് പോയി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അനുവിന്റെ കാമുകി രേഷ്മ ബീഗം (26), അനുവിന്റെ മാതാവ് അൽഫോണ്സ് (52) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ- അനു ജോർജും ആകാശും സുഹൃത്തുക്കളായിരുന്നു. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുകയും മറിച്ച് വിൽക്കുകയും ചെയ്യുന്നതായിരുന്നു ഇരുവരുടെയും പണി.
മോഷണ മുതലിന്റെ വിഹിതത്തെ ചൊല്ലി അനുവുമായി ആകാശ് വാക്കേറ്റം ഉണ്ടായി. പണം നൽകിയില്ലെങ്കിൽ മോഷണ വിവരങ്ങൾ പോലീസിൽ അറിയിക്കുമെന്ന് ആകാശ് അനു ജോർജിനെ ഭീഷണിപ്പെടുത്തി. അനുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മോഷണ വാഹനങ്ങളുടെ ഫോട്ടോകൾ ആകാശ് പകർത്തിയിരുന്നു. അടുത്ത ദിവസം ആകാശ് അനുവിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനം അടിച്ച് തകർത്തു.
മോഷണ വിവരങ്ങൾ ആകാശ് പോലീസിൽ അറിയിച്ചാൽ തനിക്ക് ദോഷകരമാകുമെന്ന് മനസ്സിലാക്കിയ അനു തന്റെ കാമുകിയായ രേഷ്മ ബീഗം, സുഹൃത്ത് ജിത്തു എന്ന് വിളിയ്ക്കുന്ന ജിതിൻ എന്നിവരുടെ സഹായത്തോടെ ആകാശിനെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കി.
ആകാശിനെ രേഷ്മയെ കൊണ്ടും ജിതിനെ കൊണ്ടും വലിയതുറ വേളാങ്കണ്ണി ജംഗ്ഷന് സമീപം എത്താൻ പറഞ്ഞ ശേഷം പ്രതിയുടെ വീട്ടിൽ വിളിച്ച് വരുത്തി ബിയറിൽ ഉറക്കഗുളിക കലർത്തി മയക്കിയ ശേഷം ആകാശിന്റെ കഴുത്ത് ഞെരിച്ച് അനുവും ജിത്തുവും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അനുവിന്റെ മാതാവും കാമുകി രേഷ്മയും കൊലപാതകത്തിന് വേണ്ട ഒത്താശ ചെയ്ത് കൊടുത്തുവെന്ന് പോലീസ് പറഞ്ഞു. 2018 മാർച്ച് 31 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സ്കോർപ്പിയോ കാറിൽ അനുവും ജിത്തുവും ചേർന്ന് ആകാശിന്റെ മൃതദേഹം കയറ്റി തമിഴ്നാട്ടിലെ അഞ്ചുഗ്രാമത്തിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പൊട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒന്നും അറിയാത്തത് പോലെ ഇരുവരും കഴിഞ്ഞ് വരികയായിരുന്നു. ആകാശിനെ കാണാനില്ലെന്ന് കാട്ടി പിതാവ് വലിയതുറ പോലീസിനെ സമീപിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. ആകാശ് ജീവിച്ചിരിക്കുന്നുവെന്ന് പിതാവിനെ ബോധ്യപ്പെടുത്താൻ ആകാശാണെന്ന് പറഞ്ഞ് അനു ജോർജ് പിതാവുമായി ഫോണിൽ സംസാരിച്ച് ബാംഗൂരിലാണെന്ന് വിശ്വസിപ്പിച്ചിരുന്നു.
മറ്റൊരു കേസിൽ ജയിൽ കഴിയുന്ന ജിത്തുവിനെയും പോലീസ് ജയിലിലെത്തി അറസ്റ്റ് ചെയ്തു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ എ.ആർ.ഷാനിഹാന്റെ നിർദേശാനുസരണം വലിയതുറ എസ്ഐ. ബിജോയി, വഞ്ചിയൂർ എസ്ഐ.ജിജോ, എഎസ്ഐ. സുനിൽ, സിപിഒമാരായ രാജേന്ദ്രൻ, അലീഷ്, അപ്പുരാജ്, ഷിജു, സുനിൽകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.