കൊല്ലം: നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യൽ തുടരുന്നു. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തിൽ സിയാദിനെയാണ് (32) കഴിഞ്ഞദിവസം രാത്രിയിൽ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. കഴുത്തിന്റെ വശത്ത് കുത്തേറ്റത്തിനെതുടർന്ന് രക്തംവാർന്നാണ് സിയാദ് മരിച്ചത്.
ഹോക്കിസ്റ്റിക്കുകൊണ്ടുള്ള അടിയേറ്റ് വാരിയെല്ലുകളും തകർന്നിരുന്നു. സിയാദ് അടിയും കുത്തുമേറ്റ് കിടന്ന സ്ഥലത്തുനിന്ന് മൊബൈൽഫോണും പേഴ്സും കണ്ടെടുത്തിരുന്നു. സിയാദിനെ ആക്രമിക്കാൻ ബൈക്കിലെത്തിയ സംഘത്തിന്റേതാണ് ഇവയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. വിവാഹിതയായ ഒരു യുവതിയുമായി ഉണ്ടായ അടുപ്പമാണ് കൊലപാതകത്തിന് ഇടയാക്കിയത്. യുവതിയുടെ ബന്ധുക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് നടന്നുവരുന്നത്.
യുവതിയുടെ ബന്ധുക്കൾ ക്വട്ടേഷൻ നൽകി സിയാദിനെ അപായപ്പെടുത്തിയതാണോയെന്നും പോലീസ് അന്വേഷിക്കുന്നു. പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.