തൊടുപുഴ: അർധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ വെങ്ങല്ലൂർ അച്ചൻകവല പുളിക്കൽ സിയാദ് (കോക്കർ-34) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ പിതാവ് വെങ്ങല്ലൂർ വരാരപ്പിള്ളിൽ സിദ്ദിഖിനെ (51) പോലീസ് തെരയുന്നു. ഇന്നലെ രാത്രി 12 ഓടെയായിരുന്നു സംഭവം. കെട്ടിടങ്ങൾക്ക് മുകളിൽ ഷീറ്റ് മേയുന്ന ട്രെസ് വർക്ക് തൊഴിലാളിയായിരുന്നു സിയാദ്. തടിപ്പണി തൊഴിലാളിയാണ് സിദ്ദിഖ്.
ഭർതൃമതിയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലർത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയിൽ ഇവരുടെ വീട്ടിലെത്തി. ഇയാൾ വീട്ടിലെത്തിയ വിവരമറിഞ്ഞ ഭർത്താവും സിയാദും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഇയാളെ വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു.
തുടർന്ന് ഈ വിവരം സിദ്ദിക്കിനെ അറിയിച്ചു. ഇതിനിടെ വെങ്ങല്ലൂർ മുസ്ളിംപള്ളിക്കു സമീപത്തു വച്ച് സിദ്ദിക്കും സിയാദും തമ്മിൽ കണ്ടുമുട്ടുകയും വാക്കേറ്റവും സംഘർഷവുമുണ്ടായി. സംഘർത്തിനിടയിൽ സിദ്ദിഖ് സിയാദിനെ കത്തിക്കു കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും പോയ സിദ്ദിഖിനെ പോലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. സിയാദിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തും. പെയിന്റിംഗ് തൊഴിലാളിയായ യുവതിയുടെ ഭർത്താവിന് അപകടം സംഭവിച്ചതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്.
സിയാദുമായി നേരത്തെ തന്നെ ബന്ധം പുലർത്തിയിരുന്ന യുവതി മുൻപ് ഇയാളുമായി ഒളിച്ചോടിയിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് ഇവരെ വിളിച്ചു വരുത്തി പ്രശ്നം രമ്യതയിലാക്കി. എന്നാൽ ഇതിനു ശേഷവും ഇയാൾ യുവതിയുമായുള്ള ബന്ധം തുടരുകയായിരുന്നു. മരിച്ച സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.