അത്താഴം വിളമ്പി നൽകാത്തതിനെത്തുടർന്ന് യുവാവ് അമ്മയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ശരവൻ ഗ്രാമത്തിലാണു സംഭവം.
കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവാണു പരാതിയുമായി പോലീസിനെ സമീപിച്ചത്. മകൻ ആശാറാം അമ്മ ജീവാബായിയെ(65) കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിനെ അറിയിച്ചു.
അത്താഴം വിളമ്പുന്നതിനെച്ചൊല്ലി പ്രതി അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. അമ്മയുമായി ആശാറാം വഴക്കിട്ടപ്പോൾ വിഷയത്തിൽ പിതാവ് ഇടപെട്ടു. ഇതോടെ ആശാറാം വീട്ടിൽനിന്നു പുറത്തേയ്ക്ക് പോയി.
തിരിച്ചെത്തിയ യുവാവ് ഉറങ്ങിക്കിടന്ന അമ്മയെ വടികൊണ്ട് അടിക്കുകയും ഇഷ്ടികകൊണ്ടു മർദ്ദിക്കുകയും ചെയ്തു. തുടർന്ന്, ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ വയോധികയുടെ മൃതദേഹം മുറ്റത്തെ മരത്തിൽ കെട്ടിത്തൂക്കി. സംഭവത്തിനു പിന്നാലെ യുവാവ് വീട്ടിൽനിന്നു മുങ്ങി.
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു.