ആലങ്ങാട്: വയോധികനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ ആലങ്ങാട് പോലീസ് പിടികൂടി. തിരുവാലൂർ ഫാം വില്ലയിൽ കിരണിനെയാണു (41) പോലീസ് പിടികൂടിയത്.
വാക്കുതർക്കത്തെ തുടർന്നാണ് തിരുവാലൂർ ചേർളിയിൽ വീട്ടിൽ വേണുഗോപാൽ ( 54) നെ കിരൺ ആക്രമിക്കുകയും തുടർന്നു കത്തി ഉപയോഗിച്ചു കുത്താനും ശ്രമം നടത്തിയത്. ഇന്നലെ രാവിലെ ഒൻപതോടെ തിരുവാലൂർ കവലയ്ക്കു സമീപം വച്ചായിരുന്നു സംഭവം. തുടർന്നു ഒളിവിൽ പോയ യുവാവിനെ വരാപ്പുഴയിൽനിന്നാണു ആലങ്ങാട് പോലീസ് പിടികൂടിയത്.
തിരുവാലൂർ സ്വദേശി അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയാണു പിടിയിലായ കിരൺ. കഴിഞ്ഞദിവസമാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇൻസ്പെക്ടർ പി.പി. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കുത്തേറ്റ വേണുഗോപാൽ ആലുവ കാരോത്തുകുഴി ആശുപതിയിൽ ചികിത്സയിലാണ്.