തിരുവനന്തപുരത്തെ നന്ദൻകോട്ട് മകൻ അച്ഛനേയും അമ്മയേയും സഹോദരിയേയും അമ്മയുടെ സഹോദരിയേയുംകൊ ന്നുതള്ളിയ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇവിടെ പ്രതിയുടെ പ്രായം 30 വയസായിരുന്നു. എന്നാൽ 14-ാം വയസിൽ അമ്മയേയും സഹോദരിയേയും കാമുകന്റെ സഹായത്തോടെ വെട്ടിക്കൊലപ്പെടുത്തി ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ ഇരട്ട കൊലപാതകിയായി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് കിം എഡ്വേർഡ് എന്ന പെണ്കുട്ടി.
16 വയസുള്ള ഒരു ബ്രിട്ടീഷ് പെണ്കുട്ടിയാണ് കിം എഡ്വേർഡ്സ്. രണ്ടു വർഷം മുന്പ് ഇവൾ ഇരട്ടകൊലപാതകം നടത്തി. കൊന്നത് വേറെ ആരേയുമല്ല. സ്വന്തം അമ്മയെയും കുഞ്ഞനുജത്തിയെയും. ക്രൂരമായ ഈ കൊലപാതകത്തിന് വേണ്ട സഹായങ്ങളൊക്കെ ചെയ്തുകൊടുത്തത് സ്വന്തം കാമുകനും.2015 ഏപ്രിൽ 13 നാണ് ബ്രിട്ടനെ ആകെ നടുക്കിയ ആ സംഭവം നടന്നത്. ഇവിടത്തെ ഒരു സ്വകാര്യ സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണംപാകം ചെയ്തു നൽകുന്ന എലിസബത്ത് എഡ്വേർഡ്സ് എന്ന 49 കാരിയേയും അവരുടെ ഇളയമകൾ 13 വയസുകാരി കെയിറ്റിയെയും ഇരുവരുടെയും മുറികളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ടെത്തുന്പോൾ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മുറിയാകെ ചോരയിൽ കുളിച്ച അവസ്ഥയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എലിസബത്തിന്റെ ശരീരത്തിൽ എട്ടുതവണ കത്തികൊണ്ട് കുത്തേറ്റിട്ടുണ്ടെന്നു കണ്ടെത്തി. ഇരുവരുടേയും തലയും ഉടലും ഏകദേശം വേർപെട്ട നിലയിലായിരുന്നു.
പോലീസ് വിശദമായിത്തന്നെ അന്വേഷണംആരംഭിച്ചെങ്കിലും കാര്യമായ തുന്പൊന്നും ലഭിച്ചില്ല. ഇതിനിടയിൽ കൊല്ലപ്പെട്ട എലിസബത്തിന്റെ മൂത്തമകൾ കിമ്മിനേയും അവളുടെ കാമുകൻ ലൂക്കസ് മാർക്കമിനേയും ഇരുവരും പഠിക്കുന്ന സ്കൂളിൽനിന്ന് കാണാതായി. ഇവരെ കണ്ടെത്തിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വന്തം അമ്മയേയും സഹോദരിയേയും കൊന്നത് താനും കാമുകനും ചേർന്നാണെന്ന സത്യം കിം പോലീസിനോട് പറഞ്ഞത്.
അമ്മയ്ക്ക് ഇളയ സഹോദരിയോടാണ് കൂടുതൽ സ്നേഹം എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കിം പോലീസിനോടു പറഞ്ഞു. കൊല നടത്തിയതിനു പത്തുദിവസംമുന്പുതന്നെ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. തനിച്ച് ഈ കൃത്യം ചെയ്യാൻ കഴിയില്ലെന്നു മനസിലാക്കിയ കിം തനിക്ക് ഏറ്റവും വിശ്വാസവും അടുപ്പവുമുണ്ടായിരുന്ന കാമുകൻ ലൂക്കസിനേയും കൂടെ കൂട്ടുകയായിരുന്നു.
സംഭവദിവസം രാത്രി ലൂക്കസ് കിമ്മിന്റെ വീട്ടിലെത്തി. അമ്മയും അനുജത്തിയും ഉറങ്ങുന്നതുവരെ ഇരുവരും കാത്തിരുന്നു. ആദ്യം തോക്കുപയോഗിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വീട്ടിലെ അടുക്കളിയിൽനിന്ന് എടുത്ത കത്തിയാണ് ഇവർ കൊലപാതകത്തിന് ഉപയോഗിച്ചത്. ആദ്യം എലിസബത്തിന്റെ മുറിയിൽ കടന്ന് കതകടച്ച ശേഷം അവരെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ കൈയിലും കാലിലുമൊക്കെ കുത്തി പരിക്കേൽപ്പിച്ചു. നിലവിളിച്ചു ശബ്ദമുണ്ടാക്കാതിരിക്കാൻ കഴുത്തിലും വെട്ടി. പൾസ് നോക്കി എലിസബത്തിന്റെ മരണം ഉറപ്പാക്കിയതിനു ശേഷമാണ് ഇവർ കെയിറ്റിയുടെ മുറിയിലേക്ക് പോയത്. പുതച്ചുമൂടിക്കിടന്നുറങ്ങുകയായിരുന്ന കെയിറ്റിയെ തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
കൊലപാതകത്തിനുശേഷം ഇരുവരും കുളിച്ചു വസ്ത്രമെല്ലാം മാറി താഴത്തെ നിലയിലെത്തി ഭക്ഷണം കഴിച്ചു. പിന്നെ രക്തരക്ഷസുകളുടെ കഥ പറയുന്ന ‘TWILIGHT’ എന്ന സിനിമയുടെ നാലു ഭാഗങ്ങളും കണ്ടു. മുകളിൽ സ്വന്തം അമ്മയെയും അനിയത്തിയെയും കൊന്നിട്ടിട്ട് കിം താഴെ തന്റെ കാമുകനൊപ്പം കിടന്നുറങ്ങി.ഇത്രയും നിഷ്ഠുരമായ കൊലപാതകം നടത്തിയിട്ടും അതിന്റെ യാതൊരു പ്രായശ്ചിത്തവും ഈ കുട്ടിക്കുറ്റവാളികൾക്കില്ലെന്നതാണ് പോലീസിനെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം. കിമ്മും അമ്മയും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നതായി ഇവരുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിയില്ല.
അനിയത്തിയുടെ മരണത്തിൽ കുറച്ചു സങ്കടമുണ്ടെങ്കിലും അമ്മയുടെ കാര്യത്തിൽ തനിക്ക് അൽപ്പംപോലും വിഷമമില്ലെന്നാണ് കിം പറയുന്നത്. അപൂർവങ്ങളിൽ അപൂർവമായ ക്രൂരകൃത്യമാണ് കുട്ടിക്കുറ്റവാളികൾ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി കോടതി ഇരുവർക്കും 20 വർഷം തടവ് ശിക്ഷ വിധിച്ചു. എന്നാൽ ഇവർ നൽകിയ അപ്പീൽ പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം ഇത് പതിനേഴര വർഷമായി കുറച്ചു. കൊലപാതകം നടത്തിയ സമയത്ത് 14 വയസായിരുന്നു ഇരുവർക്കും പ്രായം.
അതുകൊണ്ട് ഇവരുടെ പേരോ ചിത്രങ്ങളോ റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇവരുടെ അപ്പീൽ പരിഗണിച്ച കോടതി, ചെയ്ത ക്രൂരകൃത്യം കണക്കിലെടുക്കുന്പോൾ ഇരുവരും ഇത്തരമൊരു ദയ അർഹിക്കുന്നില്ലെന്നു നിരീക്ഷിച്ചു. പ്രായപൂർത്തിയാകാൻ മാസങ്ങൾ മാത്രം ബാക്കിയുള്ള ഈ കൊടുംകുറ്റവാളികളുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതിനുള്ള വിലക്ക് നീക്കി.