പാറശാല: ചെങ്കല്‍ പഞ്ചായത്തിലെ ആറയൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ കൊലയാളികളെ പോലീസ് തിരിച്ചറിഞ്ഞു. കോടങ്കര സ്വദേശിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തരയോടെയാണ് ആറയൂര്‍ വാറുതട്ടുവിളാകത്ത് വീട്ടില്‍ അനില്‍കുമാറി (42) നെ വെട്ടിക്കൊലപ്പെടുത്തിയത്. മര്യാപുരം കുരിശടയ്ക്കു മുന്‍വശത്തുവച്ചായിരുന്നു കൊലപാതകം.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം- കൊല്ലപ്പെട്ട അനില്‍കുമാറും പ്രതികളും സിപിഎം പ്രവര്‍ത്തകരായിരുന്നു. ഒരേ പാര്‍ട്ടിയിലെ അംഗങ്ങളായിരുന്നപ്പോഴേ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളും പരസ്പരം അടിപിടികളും നടന്നിരുന്നു. തമ്മിലുണ്ടായിരുന്ന പ്രശ്‌നം പാര്‍ട്ടി ഇടപെട്ട് തീര്‍ക്കാതിരുന്നതില്‍ പ്രതിഷേധിച്ച് അനില്‍കുമാര്‍ സിപിഎം വിട്ട് ഒരുവര്‍ഷം മുമ്പ് ബിജെപിയില്‍ ചേരുകയും സജീവ പ്രവര്‍ത്തകനാകുകയും ആറയൂര്‍ വാര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയുമായിരുന്നു. മാത്രമല്ല കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനില്‍കുമാറിന്റെ ഭാര്യ ആറയൂര്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അനില്‍കുമാര്‍ പാര്‍ട്ടി വിട്ടെങ്കിലും ഇവര്‍ തമ്മിലുള്ള പ്രശ്‌നം മൂര്‍ച്ഛിക്കുകയായിരുന്നു. ഇന്നലെ രാത്രി പണിക്കുപോകാനെന്നു പറഞ്ഞ് അനില്‍കുമാറിനെ മര്യാപുരത്ത് രാത്രി വിളിച്ചുവരുത്തിയശേഷം പ്രതികള്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഉപേക്ഷിക്കുകയുമായിരുന്നു. രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ റോഡില്‍ കിടക്കുന്നതുകണ്ട നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ചെങ്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും സംഭവസ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അനില്‍കുമാറിന്റെ ഭാര്യ ബിന്ദു അനില്‍, മക്കള്‍ പൂജ, ആരോമല്‍.