ചങ്ങനാശേരി: ചങ്ങനാശേരിയിൽ പോത്തുകളെ മോഷ്്ടിച്ചു കശാപ്പ് ചെയ്യുന്ന മൂന്നംഗ സംഘം കറങ്ങിയിരുന്നത് പച്ചക്കറി കച്ചടവടത്തിന്റെ മറവിൽ.
ചങ്ങനാശേരിയിൽ താമസിക്കുന്ന അബ്ദുൾ സലാം, നെടുംകുന്നം സ്വദേശിയായ അപ്പുമോൻ, സതീഷ് എന്നിവരാണ് മോഷണ കേസിൽ പിടിയിലായത്.
കഴിഞ്ഞ ഒരു വർഷമായി വിവിധ ജില്ലകളിൽ നിന്നായി ഇവർ മോഷ്്ടിച്ച് ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും എത്തിച്ചു കശാപ്പ് ചെയ്തതും വില്പന നടത്തിയതും 50ൽപ്പരം പോത്തുകളെയാണ്.
ഹരിയാനയിൽ നിന്നുള്ള മുറെ ഇനത്തിൽപ്പെട്ട ഒന്നര ലക്ഷത്തിൽപ്പരം രൂപ വിലയുള്ള പോത്തുകളെ മാത്രമേ സംഘം മോഷ്്ടിച്ചിരുന്നുള്ളൂ.
അപ്പുമോൻ കശാപ്പ് ജോലികൾ ചെയ്യുന്നയാളാണ്. ഇയാളുടെ നേതൃത്വത്തിലാണ് പോത്തുകളെ കശാപ്പ് ചെയ്തു വില്പന നടത്തിയിരുന്നത്.
ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപയാണ് ഇയാൾ സന്പാദിച്ചതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
പച്ചക്കറി കച്ചവടം നടത്താനാണെന്ന പേരിൽ ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിൽനിന്നും ഇവർ പിക്ക്അപ്പ് വാൻ രണ്ടും മൂന്നും ദിവസത്തേക്ക് വാടകയ്ക്ക് എടുക്കും.
തുടർന്നു മൂന്നംഗ സംഘം പാലക്കാട് വരെയെങ്കിലും സഞ്ചരിക്കും. പോകുന്ന വഴികളിൽ പാടശേഖരങ്ങളിലും മറ്റും മേയുന്ന മുറെ ഇനത്തിൽപ്പെട്ട പോത്തുകളെ കണ്ടുവയ്ക്കും.
തുടർന്നു രാത്രിയോടെ എത്തി പോത്തുകളെ പിക്ക്അപ്പ് വാനിൽ കയറ്റി ചങ്ങനാശേരിയിൽ എത്തിച്ചു കശാപ്പ് നടത്തും.
പോത്തുകളെ നഷ്്ടമായ വിവരം ഉടമകൾ അറിയുന്നതു ചിലപ്പോൾ രണ്ടു മൂന്നും ദിവസങ്ങൾ കഴിയുന്പോഴായിരിക്കും.
പീന്നിട് പോലീസിൽ പരാതി നല്കിയാലും പ്രയോജനമുണ്ടാവില്ല. മോഷണ യാത്രയ്ക്കിടയിൽ ഒന്നിലധികം പോത്തുകളെ ഒരുമിച്ചു കണ്ടാൽ സംഘം ഈ പരിസരം വിട്ടു പോകില്ല.
സന്ധ്യ മയങ്ങുന്നതോടെ ഇവയെ കയറ്റി കൊണ്ടു പോരുകയാണ് ചെയ്യുന്നത്. പതിവായി ഒരു സ്ഥലത്തു നിന്നും ഇവർ മോഷണം നടത്തിയിരുന്നില്ല.
ഒരു സ്ഥലത്തു നിന്നും മോഷണം നടത്തിയാൾ പിന്നെ നാളുകൾക്കുശേഷമേ അടുത്ത മോഷണത്തിനായി ഇവിടെ എത്തിയിരുന്നുള്ളൂ.
മല്ലപ്പള്ളി, പാലാ, കൂത്താട്ടുകുളം, എറണാകുളം, പാലക്കാട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് പോത്തുകളെ മോഷ്ടിച്ചത്.
പോത്തുകളെ കശാപ്പ് ചെയ്യുന്നതിനു പുറമെ വിവിധ കശാപ്പ് ശാലകൾക്ക് വിൽപ്പന നടത്തുകയും ചെയ്തിട്ടുണ്ട്.
നെടുന്പാശേരിയിൽ നിന്നും അഞ്ചു പോത്തുകളെ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ ദിവസം നെടുന്പാശേരി പോലീസ് ചങ്ങനാശേരിയിലെത്തി ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
നെടുന്പാശേരിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ചങ്ങനാശേരി രജിസ്്ട്രേഷനിലുള്ള പിക്ക്അപ്പ് വാൻ കണ്ടതോടെ ഇവിടുത്തുകാർ പോലീസിൽ വിവരമറിയിച്ചിരുന്നു.
പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ പച്ചക്കറി കച്ചവടക്കാരാണെന്നും കൂടെയുള്ളവർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനായി പോയിരിക്കുന്നതിനാലാണ് വാഹനവുമായി ഇവിടെ കാത്തുകിടക്കുന്നതെന്നുമാണ് ഇവർ പറഞ്ഞത്.
ഇതോടെ പോലീസ് ഇവരുടെ പേരും ആഡ്രസും എഴുതിയെടുത്തശേഷം പറഞ്ഞയച്ചു.
പിറ്റേന്ന് അഞ്ചു പോത്തുകളെ കാണാനില്ലെന്നു കാണിച്ചു വീട്ടമ്മ നെടുന്പാശേരി പോലീസിൽ പരാതി നല്കിയത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പോത്തുകളുമായി പിക്ക്അപ്പ് വാൻ പോകുന്നതു കണ്ടു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചങ്ങനാശേരി ബൈപാസിൽ പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞാണ് പ്രതികളെ പോലീസ് പടികൂടിയത്.
ഈ സമയം പെരുന്നയിലുള്ള ആളുടെ ഉടമസ്ഥതയിലുള്ള പിക്ക് അപ്പ് വാനാണ് വാടകക്കെടുത്തിരുന്നത്.
പ്രതികളെക്കുറിച്ച് പോലീസ് കൂടുതൽ അനേഷണം നടത്തിവരികയാണ്. കൂടുതൽ ആളുകൾ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഇവരുടെ പക്കൽ നിന്നും പതിവായി പോത്തുകളെ വാങ്ങിയിരുന്ന കശാപ്പുകാരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.