വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സാന്പാറിലോ ഇടും. ഇല പറിച്ചു വല്ലപ്പോഴും ഒരു തോരനും വയ്ക്കും.
അതോടെ മുരിങ്ങ കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. മഴക്കാലമായാൽ വീട്ടുകാർക്കു ചെറിയ പേടിയുണ്ടാകും. ശക്തമായ കാറ്റൊന്നു വീശിയാൽ മതി ദുർബലമായ മുരിങ്ങക്കന്പ് ഒടിഞ്ഞു വീഴും.
വീട്ടുമുറ്റത്തോ പുരപ്പുറത്തോ വീണാൽ പണിയാകുകയും ചെയ്യും. ഇതു മുന്നിൽക്കണ്ടു പലരും മഴക്കാലത്തിനു മുന്പേ മുരിങ്ങയുടെ ചില്ലകൾ വെട്ടി തെങ്ങിൻ ചുവട്ടിലിടും.
അങ്ങനെ വെറുതെ വെട്ടി മണ്ണിൽ തള്ളാനുള്ളതല്ല മുരിങ്ങയും മുരിങ്ങയിലയുമെന്നും തെളിയിച്ച വീട്ടമ്മ കേരളത്തിനു പുതിയ മാതൃകയാകുകയാണ്. തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിലാണു മുരിങ്ങകൊണ്ടു വിപ്ലവം സൃഷ്ടിച്ച അംബികാ സോമസുന്ദരന്റെ സ്ഥാപനം.
സ്വകാര്യ ബാങ്കിൽ നിന്നു ജോലി രാജിവച്ച് ഇറങ്ങിയ ഇവർ തയാറാക്കിയ മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർധത ഉത്പന്നങ്ങൾ വിദേശ വിപണിയുടെ പടിവാതിക്കൽ വരെ എത്തിക്കഴിഞ്ഞു.
മുരിങ്ങയിലയിലെ വിപ്ലവത്തിനു തുടക്കം
സ്വകാര്യ ബാങ്കിലെ മാനേജർ ജോലി രാജിവച്ചു ഭക്ഷ്യമേഖലയിൽ പുതിയ സംരംഭം ആരംഭിക്കാൻ തീരുമാനിച്ച അംബിക, വിവിധ തരം പുട്ടു പൊടികൾ വിപണയിൽ ഇറക്കിയാണു രംഗത്തേക്കു വന്നത്.
പ്രീമിയം ക്വാളിറ്റിയിൽ കാരറ്റ് റൈസ് പൗഡർ, ബീറ്റ്റൂട്ട് റൈസ് പൗഡർ, ഏത്തക്ക റൈസ് പൗഡർ, ചക്ക റൈസ് പൗഡർ, ചക്കക്കുരു റൈസ് പൗഡർ, ചെറുപയർ റൈസ് പൗഡർ, ചോളം റൈസ് പൗഡർ, റാഗി റൈസ് പൗഡർ, കപ്പലണ്ടി റൈസ് പൗഡർ തുടങ്ങി വിവിധ തരം പുട്ടു പൊടികൾ വിപണിയിലെത്തിച്ചതോടെ വിപണിയിൽ അംബിക ശ്രദ്ധനേടിത്തുടങ്ങി.
പച്ച നിറത്തിലുള്ള പുട്ടുപൊ ടിക്കു മുരിങ്ങ ഇല ഉപയോഗിച്ചാലെന്ത് എന്നു ചിന്തിച്ചിടത്താണ് ട്വിസ്റ്റ്. ഇതേസമയത്ത് ഒരു കണ്ടെയ്നർ മുരിങ്ങയില പൗഡറിനുള്ള അന്വേഷണം വിദേശത്തു നിന്നുണ്ടായതും കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായകമായി.
മരോട്ടിച്ചാൽ ഗ്രാമത്തിലെ ഒട്ടുമിക്ക വീടുകളിലും ഒരു മുരിങ്ങയെങ്കിലും ഉണ്ടാകും. അങ്ങനെ നോക്കുന്പോൾ തൃശൂർ ജില്ലയിൽ അതു പതിനായിര ക്കണക്കിന് വരുമെന്നു മുൻ ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ അംബിക കണക്കുകൂട്ടി.
ആദ്യഘട്ടത്തിൽ സ്വന്തം പുരയിടത്തിലേയും സമീപപ്രദേശങ്ങളി ലേയും മുരിങ്ങയില ശേഖരിച്ചു കൊണ്ടായിരുന്നു തുടക്കം. സഹായത്തി നായി മൂന്നു വനിതാ ജീവനക്കാരെയും കൂട്ടി.
മുരിങ്ങയിലയിൽ നിന്നു മൂല്യവർ ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായി മുരിങ്ങയില വില നല്കി ശേഖരിക്കാൻ തുടങ്ങിയതാണു രണ്ടാം ഘട്ടം. ഇത് കേട്ടറിഞ്ഞ റവന്യു മന്ത്രി കെ. രാജൻ പ്രോത്സാഹന വുമായെത്തി.
അദ്ദേഹം നേതൃത്വം നല്കുന്ന കർഷക കന്പനിയായ ഒല്ലൂർ കൃഷി സമൃദ്ധിയുടെ നേതൃത്വത്തിൽ ഒല്ലൂർ ബ്ലോക്കിലെ നടത്തറ, പാണ ഞ്ചേരി, പുത്തൂർ, വടക്കേത്തറ എന്നീ നാലു പഞ്ചായത്തുകളിലെ കുടും ബശ്രി അംഗങ്ങൾക്ക് 10000 മുരിങ്ങ ത്തൈകൾ വിതരണം ചെയ്താണ് പിന്തുണ നൽകിയത്.
സാധാരണ ക്കാരായ വീട്ടമ്മമാർക്ക് ചെറിയ ഒരു വരുമാനത്തിനൊപ്പം മുരിങ്ങ കൃഷി യുടെ വ്യാപനത്തിനും ഇതു കാരണമായി. ഈ നാലു പഞ്ചായത്തിലെ കർഷകർക്കു മുരിങ്ങ കൃഷി സംബ ന്ധിച്ചു വെള്ളാനിക്കര ഹോർട്ടി കൾച്ചർ കോളജിലെ പ്രഫസർ ഡോ. പി. അനിത പരിശീലനവും നൽകി.
നട്ടു ഒരു വർഷം കഴിഞ്ഞതോടെ മുരിങ്ങയില ശേഖരിച്ചു തുടങ്ങുകയും ചെയ്തു. തുടർന്നു ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ വിയ്യൂർ സെൻട്രൽ ജയിൽ മതിൽക്കെട്ടിനുള്ളിലും മുരിങ്ങ കൃഷി തുടങ്ങി.
കഴിഞ്ഞ മാസം സെൻട്രൽ ജയിലിൽ നിന്നു 37 കിലോ മുരിങ്ങയില ശേഖരിച്ചു. നാലു മാസം കഴിഞ്ഞാൽ ഇതിൽ കൂടുതൽ ഇല ലഭിക്കും. മരോട്ടിച്ചാലിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ മുരിങ്ങയില ശേഖരിക്കാൻ വാഹനങ്ങളും ക്രമീക രിച്ചിട്ടുണ്ട്. കിലോയ്ക്കു 30 രൂപ നിരക്കിലാണ് മുരിങ്ങയില സംഭരിക്കു ന്നത്.
ഉത്പന്നങ്ങൾ തയാറാക്കുന്നത് ഏറെ ശ്രദ്ധയോടെ
ശേഖരിച്ച മുരിങ്ങയില ഫാക്ടറിയിൽ എത്തിച്ച് മഞ്ഞൾപൊടിയിട്ടു പലത വണ കഴുകി വൃത്തിയാക്കുന്നതാണ് ആദ്യപടി. പിന്നീട് ട്രയറിൽ ഉണക്കി കണ്ടെയ്നറിൽ സൂക്ഷിക്കും.
പിന്നീട് ആവശ്യത്തിന് എടുത്ത് മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റുന്നതാണു രീതി. പ്രതിമാസം ശരാശരി 60 കിലോ വരെ മുരിങ്ങയില പൊടി വിറ്റു പോകാറുണ്ട്.
നൂതന പാക്കിംഗ് രീതി ആയതിനാൽ മാസങ്ങളോളം കേടു കൂടാതെയിരിക്കുകയും ചെയ്യും. പത്തു കിലോ പച്ച മുരിങ്ങയില ഉണങ്ങുന്പോഴാണ് ഒരു കിലോ പൊടി കിട്ടുന്നത്.
മുരിങ്ങ ക്യാപ്സൂൾ, മുരിങ്ങ സൂപ്പ് പൗഡർ എന്നിവ പരിശോധനയ്ക്കായി യുഎഇ യിലേക്ക് അയച്ചിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടാവുമെന്ന പ്രതീക്ഷ യിലാണ് അംബിക.
ഡ്രയറിൽ ഉണക്കി സൂക്ഷിക്കുന്ന മുരിങ്ങയിലയിൽ നിന്ന് മുരിങ്ങയില പൗഡർ, ക്യാപ്സ്യൂളുകൾ, മുരിങ്ങ യില അരിപ്പൊടി, മുരിങ്ങയില മില്ലെറ്റ്, ചമ്മന്തി പൊടി, മുരിങ്ങക്കായ പായസം മിക്സ്, മുരിങ്ങയില സൂപ്പ് മിക്സ് തുടങ്ങിയവ അംബിക ഉത്പാദിപ്പി ക്കുന്നുണ്ട്.
2020 മുതലാണ് മുരിങ്ങ യിലയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. ഒല്ലൂർ കൃഷി സമൃദ്ധി യുടെ നേതൃത്വത്തിൽ ഹോർട്ടി കോർപ് വഴിയാണ് മൂല്യവർധിത ഉത്പന്നങ്ങ ളിലേറെയും വിറ്റഴിക്കുന്നത്.
മുരിങ്ങയുടെ മൂല്യം
വിവിധയിനം വിറ്റാമിനുകൾ, കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങിയവയെല്ലാം മുരിങ്ങയിലയിൽ സമൃദ്ധമായുണ്ട്. അതിവേഗം വളരുന്ന മുരിങ്ങയ്ക്ക് പല ഇനങ്ങളുണ്ടെങ്കിലും പികഐം ഒന്ന്, പികഐം രണ്ട്, അനുപമ, രോഹിത് ഒന്ന് എന്നിവയാണു പ്രധാനം.
മേയ് മുത ലാണ് മുരിങ്ങ നടാൻ പറ്റിയ സമയം. ഒരു ഹെക്ടറിൽ നിന്നു ആറു ടണ് വരെ മുരിങ്ങയില വിളവെടുക്കാൻ കഴിയും.
ഭക്ഷ്യ മേഖലയിൽ തന്നെ ചുവടുറ പ്പിച്ചാണു മരോട്ടിച്ചാലിൽ അംബിക കാര്യാട്ട് ഡ്രെെ ഫുഡ്സ് എന്ന സ്ഥാപനം തുടങ്ങിയത്. ജില്ലാ വ്യവസായ വകുപ്പിന്റെ സഹായ ത്തോടെ കേന്ദ്ര സർക്കാരിന്റെ പ്രധാന മന്ത്രി എംപ്ലോയ്മെന്റ് ഗ്യാരണ്ടി പ്രോഗ്രാമിലൂടെയാണു സംരംഭം ആരംഭിച്ചത്.
മുരിങ്ങയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളിൽ നല്ല പങ്കും സംഭരിച്ചു ഹോർട്ടികോർപ് വഴി വിൽക്കുന്നത് ഒല്ലൂർ കൃഷി സമൃദ്ധിയാണ്.
ഒപ്പം, കുടുംബശ്രീ ബസാറുകളിലും അഗ്രോബസാറിലും കാര്യാട്ട് ഫുഡ് പ്രൊഡ ക്ടുകൾ ലഭ്യമാണ്. ഓണ്ലൈൻ വഴി രാജ്യത്തെ പലയിടങ്ങളിൽ നിന്നും ഓർഡറുകൾ എത്താറുണ്ട്.
പ്രൊഡ ക്ഷൻ യൂണിറ്റിൽ നാലുപേരും മാർക്കറ്റിംഗിൽ രണ്ടു പേരും ജീവനക്കാരായുണ്ട്. പിന്തുണയുമായി റിട്ട. സർക്കാർ ജീവനക്കാരനായ ഭർത്താവ് സോമസുന്ദരനും രണ്ടു മക്കളും ഒപ്പമുണ്ട്.
ഫോണ്: 9539731501
തോമസ് വർഗീസ്