ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു മുറിവാലൻ കൊമ്പൻ ചരിഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റ് 21ന് ചക്കക്കൊമ്പനുമായി ഉണ്ടായ കൊമ്പുകോർക്കലിൽ മുറിവാലൻ കൊമ്പന്റെ പുറത്ത് ആഴത്തിലുള്ള പരിക്കുകൾ പറ്റിയിരുന്നു. ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ പഴുത്തതോട് കൂടി ആന അവശനിലയിൽ ആവുകയായിരുന്നു.
വെള്ളിയാഴ്ച ചിന്നക്കനാൽ അറുപതേക്കർ ഭാഗത്ത് മുറിവാലനെ കണ്ടിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചയോടെ ആന അവശനിലയിലായി. തുടർന്ന് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചിരുന്നു.
ആനയുടെ ശരീരത്തിലെ മുറിവുകള്‍ പഴുത്തെന്നും ആന്റി ബയോട്ടിക്കുകൾ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. ആനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് ആന ചരിഞ്ഞത്.