വിശപ്പിനുമുന്പില് തോറ്റ് കാടിറങ്ങിയ ‘മധു’ എന്ന ‘കാട്ടുനോവി’ന്റെ ദാരുണാന്ത്യത്തിന് മൂന്ന് വയസ് തികഞ്ഞതിനു പിന്നാലെ ഇറങ്ങിയ ‘മുറിവ്’ എന്ന മ്യൂസിക്കല്‍ ആല്‍ബം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.
കൊവിഡ് സൃഷ്ടിച്ച പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മധുവിനൊരു സ്മരണിക തീര്‍ത്തിരിക്കുകയാണ് ഗാനം രചിച്ച മാധ്യമപ്രവര്‍ത്തകനായ നന്ദു ശശിധരനും സംഘവും.
നന്ദുവിന്റെ വരികള്‍ പ്രമുഖ ഓട്ടന്തുള്ളല് കലാകാരനായ മരത്തോര്‍വട്ടം കണ്ണനാണ് സംഗീതം നല്കി ആലപിച്ചിരിക്കുന്നത്.
‘തീരം പ്രൊഡക്ഷന്‍സ്’ ആണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. യദു കൃഷ്ണന് പശ്ചാത്തല സംഗീതവും മിക്സിങ് മാസ്റ്ററിങ് എന്നിവയും മഹേഷ് മോഹന്‍ ശിവ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
11 നു റിലീസ് ചെയ്ത ആല്‍ബം ഇതിനോടകംതന്നെ ആയിരക്കണക്കിന്പേര് കണ്ടുകഴിഞ്ഞു. ഭക്ഷണമോഷണം ആരോപിച്ചു ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നിട്ട് വര്‍ഷം മൂന്ന് തികഞ്ഞു.
ഇന്നും മധു ഒരു നോവായി അവശേഷിക്കുന്നു എന്നതാണ് കവിതയുടെ സ്വീകാര്യതയ്ക്ക് കാരണമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
വിശപ്പിന്റെ വിളിക്ക് കാതോര്‍ത്ത് കാടിറങ്ങിയതിനു നാട് നടപ്പാക്കിയ ‘വിധി’യ്ക്ക് മുന്പില് ചിതറിപ്പോയ മധു ‘സാംസ്കാരിക കേരള’ത്തിന്റെ ചെകിട്ടത്ത് എന്നന്നേക്കുമായി കിട്ടിയ അടിയാണ്.
പരമസത്യമായ വിശപ്പിനെ ഒതുക്കാനും മെരുക്കാനും കഴിയാതെവന്ന ഏതോ നിമിഷത്തില്‍ കാടിറങ്ങി, ഒടുവില്‍ ഒരു പിടി വറ്റിനായി തന്റെ ജീവന്‍തന്നെ നഷ്ടപ്പെട്ട മധുവിനെയും…, കാടകം കത്തുന്ന വിശപ്പിന്റെ ചുറ്റുവട്ടങ്ങളെയുമൊക്കെ സമര്‍ത്ഥമായി അടയാളപ്പെടുത്തുന്നുണ്ട് ‘മുറിവ്’.
‘കാടുവെട്ടിയുണ്ടാക്കിയ നാട് മധുവിന്റെ ഉള്ളില്‍ നിലച്ച ശ്വാസക്കൊടുങ്കാറ്റില്‍ കടപ്പുഴകുമോയെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട് ഈ അക്ഷര ശില്പം. ‘വിശപ്പിന്റെ രക്തസാക്ഷിത്വ’ത്തിന് മൂന്ന് വയസായിട്ടും നീതി മധുവിന് അകലെത്തന്നെയാണ് എന്നതാണ് ശ്രദ്ധേയം.
സത്യത്തില്‍, ജീവനെടുത്തിട്ടും നീതി കൊടുക്കില്ലെന്ന നാട്ടു(കാട്ടു)നീതിയിലൂടെ മധുവിനെ വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്ന ഈ കെട്ടകാലത്തിന്റെ നെഞ്ചിലാണ് ‘മുറിവ്’ തറച്ചിരിക്കുന്നത് എന്ന് പറയാതെവയ്യ.