ന്യൂഡല്‍ഹി: വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത തേടുന്നവരാണ് പുതുതലമുറക്കാര്. ആശയങ്ങളിലെ വൈവിധ്യംകൊണ്ട് ഇത്തരം ഫോട്ടോഷൂട്ടുകൾ ശ്രദ്ധപിടിച്ചുപറ്റാറുമുണ്ട്.
കഴിഞ്ഞമാസം 27ന് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് കാഴചക്കാരെ അമ്പരിപ്പിച്ചെന്നു മാത്രമല്ല, ഭയപ്പെടുത്തുകയുംചെയ്തു. വിവേക് എന്ന അക്കൗണ്ടില്‍നിന്നു പങ്കുവച്ച ചിത്രങ്ങൾ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയതരംഗമായി.
കഥ പറയുന്നതുപോലെയാണ് ചിത്രങ്ങള്‍. വീടിനു വെളിയിലിറങ്ങുന്ന യുവതി തന്റെ മുന്നിലൊരു മൂര്‍ഖനെ കാണുന്നു. ഭയന്നുപോയ പെണ്ണ് പാമ്പുപിടിത്തക്കാരെ വിളിക്കുന്നു. പാമ്പിനെ പിടിക്കാന്‍ രണ്ടു യുവാക്കള്‍ സ്കൂട്ടറില്‍ വീട്ടിലെത്തുന്നു.
അതിലൊരാള്‍ പാമ്പിനെ പിടിച്ചു കൂടിനകത്താക്കുന്നു. പെൺകുട്ടി ഇതെല്ലാം ആരാധനയോടെ കണ്ടുനില്ക്കുന്നു.പാന്പിനെ പിടികൂടിയ യുവാവ് പെണ്‍കുട്ടിയോടു ഫോണില്‍ വിളിക്കാം എന്ന ആംഗ്യം കാണിച്ചു തിരിച്ചുപോകുന്നു.
തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുന്നു. ഫോണില്‍ സംസാരിക്കുന്നു. ഫോട്ടോയുടെ അവസാനം ഇരുവരും കൈകോര്‍ത്തു നടന്നുപോകുന്നു.
ഈസമയം ഫ്രെയിമില്‍ തലയുയര്‍ത്തി അവരെ നോക്കുന്ന മൂര്‍ഖനെയും കാണാം. വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് നടത്തിയ ജോഡികളെ നെറ്റിസൺസ് ആശംസകള്കൊണ്ടു പൊതിഞ്ഞിരിക്കുകയാണ്.