സ്വന്തം ലേഖകന്‍
കൊച്ചി: അല്‍ഖയ്ദയുമായി ബന്ധമുള്ള കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ). കൊച്ചിയില്‍ ശനിയാഴ്ച അറസ്റ്റിലായ മൂന്നു ഭീകരരെ കസ്റ്റഡിയില്‍ വാങ്ങാനായി സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിടിയിലായ മുർഷിദ് ഹസൻ, ഇയാക്കൂബ്, മൊസറഫ് എന്നീ പ്രതികളെ വിമാനത്തിലാണ് ഡല്‍ഹിക്കു കൊണ്ടുപോയത്. നാളെ രാവിലെ 11 വരെയാണ് എന്‍ഐഎയ്ക്ക് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാകും ഇവരെ ഹാജരാക്കുക. കൊച്ചി പാതാളത്തിനു സമീപത്തായി പിടിയിലായ മുര്‍ഷിദ് ഹസന് ആണ് സംഘത്തലവന്.
രാജ്യവ്യാപകമായി സ്ഫോടനം നടത്തുന്നതിനുള്ള പദ്ധതി തയാറാക്കി വരികയായിരുന്നു. അല്‍ഖയ്ദ സംഘത്തിലെ പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്.
ബംഗാളി സംസാരിക്കുന്നവരാണ് സംഘാംഗങ്ങള്‍. ഉടന്‍ തന്നെ കൂടുതല്‍ ആളുകള്‍ കസ്റ്റഡിയിലാകും. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന് സ്പോണ്‍സേഡ് അല്‍ഖയ്ദ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നാണ് സെപ്റ്റംബര്‍ 11ന് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.