മണി പനംതോട്ടത്തിൽ
അഗളി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുതൂർ പഞ്ചായത്തിലെ മുരുഗള ഊരിൽ പ്രാക്തന ഗോത്രവർഗക്കാർ വീർപ്പുമുട്ടുന്നു.ഇരുപതോളം വീടുകളിലായി എണ്‍പതോളം ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്.
അട്ടപ്പാടിയിൽ ഏറ്റവും പഴക്കമേറിയതും കുറുന്പ വിഭാഗക്കാരുടെ മാത്രം ഊരുമാണിത്. ഉൗരിൽ നാളിതുവരെയായി വൈദ്യുതി ലഭിച്ചിട്ടില്ല. സൗരോർജമാണ് ഏക ആശ്രയം.
മഴക്കാലമായാൽ മുരുഗളയൂര് തികച്ചും ഒറ്റപ്പെടുന്ന സ്ഥിതിയാണ്. പുഴയിൽ താത്കാലികമായി സ്ഥാപിച്ചിട്ടുള്ള മുളകൊണ്ടുള്ള പാലം മാത്രമാണ് ഏക ആശ്രയം.രാത്രി കാലങ്ങളിൽ അസുഖം ബാധിച്ചാൽ പുഴകടക്കാൻ ഒരു നിവൃത്തിയുമില്ല.
മാത്രമല്ല മുരുഗളയൂരിലെ പുഴക്കടവുവരെ വൈകുന്നേരം അഞ്ചു കഴിഞ്ഞാൽ വാഹനം കടത്തിവിടില്ല.സർക്കാർ അട്ടപ്പാടിയിൽ എത്രയൊക്കെ പണമൊഴുക്കിയിട്ടും മുരുഗള ഉൗരിൽ ഇനിയും അങ്കണവാടിയില്ല.
തൊട്ടടുത്ത അങ്കണവാടിയിലെത്താൻ ഒരുമണിക്കൂർ ഒരുമലകയറി തടിക്കുണ്ടിലെത്തണം.വന്യമൃഗങ്ങളുടെ ഭീഷണിയും സഞ്ചാരയോഗ്യമല്ലാത്ത റോഡും കാരണം മാതാപിതാക്കൾ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കാറില്ല.
ഗർഭിണികളായ സ്ത്രീകൾക്ക് പോഷകാഹാരം വാങ്ങാൻ അങ്കണവാടിയിലെത്താനും സാധിക്കുന്നില്ല.വേനൽക്കാലമായാൽ ഉൗരിലെ കാർഷിക വിളകൾ തിന്നാനെത്തുന്ന ആനകളുടെ ശല്യം രൂക്ഷമാണ്.
ഊരിലെ വോട്ടിംഗ് ശതമാനം കുറയാൻ കാരണം വന്യമൃഗ ശല്യവും പ്രധാന കാരണമാണെന്നു കാണിച്ച് അഗളി സ്കൂളിലെ ലിറ്ററസി ക്ലബും സ്റ്റുഡൻസ് പോലീസും 2018ൽ സർക്കാരിനെ ബോധിപ്പിച്ചിരുന്നു.
തൽഫലമായി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ആനവായ് എൽപി സ്കൂളിൽ ബൂത്ത് അനുവദിക്കുകയും ചെയ്തതു മാത്രമാണ് അടുത്തിടെയുണ്ടായ വികസനം.
ഇതിനിടെ കുടിവെള്ളത്തിനായി സ്ഥാപിച്ച പൈപ്പ് ആന ചവിട്ടിപ്പൊട്ടിച്ചു. ഉൗരു നിവാസികൾ നീരുറവയിൽ നിന്നാണ് ഇപ്പോൾ വീട്ടാവശ്യത്തിനു വെള്ളം ശേഖരിക്കുന്നത്.
ഉൗരിൽ വൈദ്യുതി ലഭ്യമായാൽ കുടിവെള്ള പ്രശ്നം പരിഹരിക്കാം. പക്ഷേ, അധികൃതരുടെ ശ്രദ്ധ ഇങ്ങോട്ടേയ്ക്കു എത്തുന്നുമില്ല.കുട്ടികൾക്ക് ഓണ്‍ലൈൻ പഠനസൗകര്യം ലഭ്യമല്ലെന്നാണ് മറ്റൊരു പരാതി.
പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ പഠിക്കുന്ന ഏകദേശം 25 കുട്ടികൾ ഈ ഉൗരിലുണ്ട്. മൊബൈൽ റെയ്ഞ്ചില്ലാത്തതിനാൽ പഠനവും മുടങ്ങിയ അവസ്ഥയാണ്.