മുതലമട: പാപ്പാൻ ചള്ള മലന്പതി ആദിവാസി കോളനിയിലെ മുരുകന് (46) നടക്കാൻ കൃത്രിമ കാൽ നൽകി പാലക്കാട് ഫോർട്ട് ലയണ്‍സ് ക്ലബ് . കാൻസർ ബാധയെ തുടർന്ന് ആറു മാസം മുന്‍പാണ് മുരുകന്റെ ഇടതു കാൽ മുറിച്ചു മാറ്റിയത്. ഒരു വർഷം മുന്‍പ് കാലിൽ വന്ന വ്രണത്തിന് ചികിൽസ നടത്തവേ വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. കാൻസർ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കാലുതന്നെ മുട്ടിനു മുകളിൽ മുറിച്ചു മാറ്റുകയായിരുന്നു.
ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിൽസയ്ക്ക് സമീപത്തെ കർഷകരാണ് സഹായം നൽകിയത്. ഭാര്യയും 10ാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന മക്കളുമുള്ള മുരുകന് പഴയ പോലെ കൂലിപ്പണിക്കു പോകാൻ കഴിയാത്ത സാഹചര്യം പഞ്ചായത്ത് അംഗം ആർ.ബിജോയ് പൊതുപ്രവർത്തകരായ സജേഷ് ചന്ദ്രൻ ,എസ്.ഹബീബുള്ള എന്നിവരോട് പറഞ്ഞതിനെ തുടർന്ന് ജീവകാരുണ്യ പ്രവർത്തകരുടെയടുത്തേക്ക് മുരുകന്റെ വിവരങ്ങൾ എത്തി. പാലക്കാട് മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് പി.മാധവൻ വഴിയാണ് പാലക്കാട് ഫോർട്ട് ലയണ്‍സ് ക്ലബ് കൃത്രിമ കാൽ നൽകിയത്.
നിലവിൽ ഓലപ്പുരയിൽ താമസിക്കുന്ന കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനുള്ള ധനസഹായം ലഭിച്ചിട്ടുണ്ടെങ്കിലും കാൻസർ ചികിൽസ നടത്തിയതിനാൽ വീട് പണി പൂർത്തിയായിട്ടില്ല. കാൽ മുറിച്ചതുകൊണ്ട് പഴയ പോലെ കഠിനമായ ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ സ്വന്തമായി വരുമാനം കണ്ടെത്താൻ മുച്ചക്ര സ്കൂട്ടറിൽ ലോട്ടറി വിൽപ്പന നടത്താൻ തയ്യാറായിരിക്കുകയാണ് മുരുകൻ.
പക്ഷേ സുമനസ്സുകളുടെ സഹായത്താൽ സ്കൂട്ടർ ലഭിച്ചാൽ മാത്രമേ ലോട്ടറി വിൽപ്പന നടത്തി സ്വന്തം കാലിൽ നിൽക്കണമെന്ന മുരുകന്റെ ആഗ്രഹം നിറവേറൂ.