തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്കു വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. മുരുകന് ആശുപത്രിയിൽ ചികിത്സ നൽകണമായിരുന്നുവെന്നും റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുന്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ. സരിത അധ്യക്ഷയായ സമിതി കണ്ടെത്തി.
മുരുകന്റെ മരണത്തിൽ ആശുപത്രിക്കു ഗുരുതര വീഴ്ച സംഭവിച്ചു. ഗുരുതര കേസുകളിൽ മെഡിക്കൽ കോളജുകളിൽ നടപടി ക്രമങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളുടെയും അധികൃതർ ഉൾപ്പെടുന്ന ഉന്നതതല യോഗം ചേരുമെന്നാണ് സൂചന.
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തിൽ പരിക്കേറ്റ മുരുകൻ മരിച്ചത്. മുരുകന്റെ മരണത്തിൽ പോലീസ് അന്വേഷണം നടന്നുവരുകയാണ്.