വൈപ്പിൻ: നാലര സെന്റ് ചെളിക്കുണ്ടിൽ തലചായ്കാൻ നല്ലൊരു വീടുപോലുമില്ലാതെ കൂലിപ്പണിക്കാരനായ കുഴുപ്പിള്ളിത്തറ വീട്ടിൽ മുരുകനും കുടുംബവും കഴിയാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. ഇതിനിടെ തലയിൽ കാൻസർ ബാധിച്ച മുരുകന് പണിക്കു പോകാൻ പറ്റാതെയുമായി. ഭാര്യയാകട്ടെ മാനസിക അസ്വസ്ഥ്യത്തിനു ചികിത്സയിലാണ്.
ഹയർ സെക്കൻഡറി വിദ്യാർഥികളായ രണ്ട് ആണ് മക്കളിൽ ഒരാളാകട്ടെ ജന്മനാ ബധിരനും മൂകനുമാണ്. എളങ്കുന്നപ്പുഴ പഞ്ചായത്തിൽ 23 -ാം വാർഡിൽ വളപ്പ് ആർഎൻബി ചിറയിലാണ് പട്ടികജാതിക്കാരായ ഈ ദരിദ്ര കുടുംബത്തിന്റെ താമസം.
എഴുപതുകാരിയായ മുരുകന്റെ അമ്മയാണ് കുടുംബത്തിന്റെ വരുമാന മാർഗം. തണ്ണീർ തടങ്ങളിലും തോടുകളിലും പരന്പരാഗത രീതിയിൽ കൈകൾ ഉപയോഗിച്ച് മത്സ്യം പിടിച്ച് മാർക്കറ്റിൽ കൊണ്ടുപോയി വിറ്റ് കിട്ടുന്ന പൈസകൊണ്ടാണ് ഈ വലിയ കുടുംബം ഉപജീവനം നടത്തുന്നത്.
കൂടാതെ മുരുകന്റെ രോഗത്തിനുള്ള മരുന്നിനും ഈ അമ്മയുടെ തുച്ഛമായ വരുമാനത്തിൽ നിന്നും മാറ്റിവെക്കണം. മത്സ്യം ലഭിക്കാതെ വെറുംകയ്യോടെ ഈ വയോധിക മടങ്ങുന്ന ദിനങ്ങളിൽ ഈ കുടിലിൽ തീ പുകയാറില്ല. പലപ്പോഴും മുരുകന്റെ മരുന്നും മുടങ്ങും.
രോഗവും ദാരിദ്യ്രവും കൊണ്ട് വലയുന്ന ഈ കുടുംബത്തിനു സഹായഹസ്തം നീട്ടാൻ ഒരാളുമില്ല. നാളിതുവരെ പട്ടയം കിട്ടാതിരുന്ന നാലരസെന്റ് ഭൂമിക്ക് ആറുമാസം മുന്പ് സർക്കാർ പട്ടയം നൽകിയെങ്കിലും വീടെന്ന സ്വപ്നം പൂവണിയാൻ ഇനി പഞ്ചായത്ത് കനിയണം.