തലശേരി: തലശേരി മത്സ്യവ്യവസായി പി.പി.എം. മജീദിന്റെ സെയ്ദാർ പള്ളിയിലെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണം കൊള്ളയടിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്യാൻ തലശേരി പോലീസ് മധുരയിലേക്ക്.
ഇന്നലെ അറസ്റ്റിലായ തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ നെല്ലായ് മുരുകൻ എന്ന ശങ്കർനാരായണൻ (64), അറുമുഖപാണ്ടി (45) എന്നിവരെ ചോദ്യം ചെയ്യാനായി തലശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങും. അറുമുഖ പാണ്ടിയാണ് കൊള്ളസംഘത്തിലെ മുഖ്യപ്രതി.
ഇവരെ ചോദ്യംചെയ്യാനായി മധുരയിലേക്ക് പോകുന്നത്. തലശേരിയിലെ തട്ടിപ്പിനുശേഷം തമിഴ്നാട്ടിലേക്കു കടന്ന സംഘത്തെക്കുറിച്ച് തലശേരി എഎസ്പി ചൈത്ര തെരേസ ജോൺ, സിഐ എൻ.പി. ആസാദ്, എസ്ഐ എൻ. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുനെൽവേലിയിൽ ഉണ്ടെന്നു വിവരം ലഭിച്ചു.
ഇതേത്തുടർന്ന് തലശേരി പോലീസ് തമിഴ്നാട് പോലീസിന് വിവരം കൈമാറുകയായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. ഇതോടെ കൊള്ളസംഘത്തിലെ ഒൻപതുപേർ പിടിയിലായി. നേരത്തെ മലപ്പുറം വള്ളുവന്പ്രത്തെ ലത്തീഫ് (42), തൃശൂർ കനകമലയിലെ ദീപു (32), കൊടകരയിലെ സഹോദരങ്ങളായ ആൽബിൻ എന്ന അബി (35), ഷിജു (33), ബിനു (36), രജീഷ് എന്ന ചന്തു (32), ധർമടം ചിറക്കുനിയിലെ നൗഫൽ (36) എന്നിവർ അറസ്റ്റിലായിരുന്നു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കോടനാട് ഫാം ഹൗസിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കൊള്ള നടത്തിയ കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായ ദീപു. മജീദിന്റെ സ്ഥാപനത്തിലെ ജോലിക്കാരനായ നൗഫൽ വഴിയാണ് സംഘം കൊള്ള ആസൂത്രണം ചെയ്തത്. ഇവർ സഞ്ചരിച്ച വാഹനങ്ങളും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.