തിരുവനന്തപുരം: സിംഹക്കൂട്ടിൽ ചാടിയ സന്ദർശകനെ രക്ഷിക്കാൻ ജീവൻ പണയംവെച്ച് കൂട്ടിലിറങ്ങിയ ദിവസവേതനക്കാരായ ജീവനക്കാർക്ക് വകുപ്പുമന്ത്രിയുടെ പാരിതോഷികം. ഓരോരുത്തർക്കും ആയിരം രൂപ വീതം പാരിതോഷികമായി നൽകാനാണ് തീരുമാനം.
ഒൻപതു പേരാണ് മുരുകന്റെ ജീവൻ രക്ഷിക്കാൻ സിംഹക്കൂട്ടിലിറങ്ങിയത്. കീപ്പർമാരായ ബിജു, സജി, ഷൈജു, മധു, അൽഷാദ, അരുണ്‍, ഉദയലാൽ, രാജീവ്, കിരണ്‍ എന്നിവർക്കാണ് മന്ത്രി പാരിതോഷികം പ്രഖ്യാപിച്ചത്. മുരുകൻ സിംഹത്തിന്റെ തുറന്ന കൂട്ടിലേക്ക് ചാടിയെന്ന് അറിയിപ്പു കിട്ടിയതോടെ കീപ്പർമാർ രക്ഷാപ്രവർത്തനത്തിന് ഒരുങ്ങി.
മൃഗശാലാ ഡയറക്ടറുടേയും സൂപ്രണ്ടിന്റെയും അനുവാദത്തോടെ അവർ കൂട്ടിലേക്കിറങ്ങി. ഇരുന്പു കൂട്ടിൽ നിന്നും തുറന്ന കൂട്ടിലേക്ക് ഗ്രേസി എന്ന സിംഹത്തെ മാത്രമാണ് തുറന്നു വിട്ടിരുന്നത്. അതിനാൽ മുരുകനെ വേഗത്തിൽ രക്ഷപ്പെടുത്തി പുറത്തെത്തിക്കാനായെന്ന് ഇവർ പറയുന്നു.