ചങ്ങനാശേരി: അർധനഗ്നനായ നിലയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വാഴപ്പള്ളി കേളമ്മാട്ട് പരേതനായ കെ.വി മണിയനാചാരിയുടെ മകൻ കെ.എം മുരുകേശി(മുരുകൻ- 42)നെയാണ് ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാന്റും ഷർട്ടും ധരിച്ചു ചൊവ്വാഴ്ച വൈകുന്നേരം 5.30 നാണ് മുരുകൻ വീട്ടിൽ നിന്നും പുറത്തേക്കു പോയത്. ഇന്നലെ മതുമൂല വാര്യത്തുകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്പോൾ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മുഖത്തു ധരിച്ചിരുന്ന മാസ്കും ഉണ്ടായിരുന്നു. മുരുകൻ നീന്തൽ വശമുള്ള ആളായിരുന്നു.
ഇതാണ് ദുരൂഹത വർധിപ്പിക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നത്. മൃതശരീരം കണ്ടെത്തിയ ഇടത്തു നിന്നും മുരുകന്റെ വസ്ത്രങ്ങളും കണ്ടെത്താൻ കഴിഞ്ഞില്ല.ചങ്ങനാശേരി അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
ചൊവ്വാഴ്ച രാത്രി 10 ആയിട്ടും മടങ്ങിവരാഞ്ഞതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഉത്തരം ലഭിക്കാതെ വന്നപ്പോൾ ഫോണ് വീട്ടിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ബന്ധുക്കൾ നാട്ടിലും മറ്റ് അടുത്ത ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചു.
തുടർന്ന് ചങ്ങനാശേരി പോലീസിലും വിവരം ഫോണിലൂടെ അറിയിച്ചിരുന്നു. നേരം പുലർന്നപ്പോഴാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു ബന്ധുക്കൾക്കു വിട്ടു നൽകും.
സംസ്കാരം വൈകുന്നേരം ഏഴിന് മോർക്കുളങ്ങര വിഎസ്എസ് ശാഖാ ശ്മശാനത്തിൽ. അവിവാഹിതനാണ്. മാതാവ്: ജഗദമ്മാൾ. സഹോദരങ്ങൾ: കെ.എം ഇന്ദു, കെ.എം രാജു.