തൃശൂർ: ഉൗമയായി അഭിനയിച്ചു പണവും സ്വർണവും കവരുന്നയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വേലൂർ ശങ്കരപുരം സ്വദേശിയായ മുരുകൻ(49) ആണ് അറസ്റ്റിലായത്.
വ്യാപര സ്ഥാപനങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഊമയും ബധിരനുമായി അഭിനയിച്ച് പണവും സ്വർണവും മൊബൈൽ ഫോണും കവരുന്നതാണ് ഇയാളുടെ രീതി.
ഡഫ് ആൻഡ് ഡംപ് അസോസിയേഷന്റെ സീലോടുകൂടിയ ലെറ്റർപാഡുമായാണ് ഇയാൾ സ്ഥാപനങ്ങളിലെത്തുക. പണം, സ്വർണം, മൊബൈൽ ഫോണ്‍ എന്നിവയുടെ മുകളിൽ ലെറ്റർപാഡ് വച്ച് തിരിച്ചെടുക്കുന്പോൾ ഇവ കൈക്കലാക്കുകയാണു രീതി.
2020 ഫെബ്രുവരിയിൽ കേരള ഗ്രാമീണ്‍ ബാങ്ക് ഗുരുവായൂർ ശാഖയിലെ ഓഫീസിൽ പണയത്തിൽ വച്ചിരുന്ന 11 പവൻ സ്വർണം അടക്കം കേരളത്തിനകത്തും പുറത്തും സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി മുരുകൻ പോലീസിനോടു സമ്മതിച്ചു.
അന്വേഷണസംഘത്തിൽ ഈസ്റ്റ് സിഐ ലാൽകുമാർ, എസ് ഐ സിനോജ്, സൈബർ സെൽ എസ്ഐ ഫീസ്റ്റോ മിഥുൻ, ഷാഡോ പോലീസ് എസ്ഐ ഗ്ലാഡ്സ്റ്റണ്, രാജൻ, സൂവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, എഎസ്ഐമാരായ രാജേഷ്, ജിനുകുമാർ സീനിയർ സിപിഒ മാരായ പഴനി, ജീവൻ, ലികേഷ്, വിപിൻ എന്നിവരും ഉണ്ടായിരുന്നു.