തിരുവനന്തപുരം: കൊല്ലത്ത് റോഡപകടത്തിൽപ്പെട്ട ഇതരസംസ്ഥാനക്കാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാൻ നീക്കം. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെ ചോദ്യം ചെയ്തു. സീനിയർ റസിഡന്റിനെയും ഡ്യൂട്ടി ഡോക്ടറെയുമാണു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു.
മുരുകന്റെ മരണത്തിൽ ഡോക്ടർമാർക്കു വീഴ്ചയുണ്ടായെന്ന ആരോഗ്യവകുപ്പ് റിപ്പോർട്ട് ആയുധമാക്കി പോലീസിന്റെ നീക്കം. അറസ്റ്റിനു നീക്കം നടക്കുന്നതോടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഡോക്ടർമാർ കോടതിയിലെത്തിയതായും റിപ്പോർട്ടുണ്ട്.
ഓഗസ്റ്റ് ആറാം തീയതി ദേശീയപാതയിലെ ഇത്തിക്കരയിൽ രാത്രി പതിനൊന്നിനുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് നാഗർകോവിൽ സ്വദേശി മുരുകനാണ്(46) ചികിത്സ കിട്ടാതെ മരിച്ചത്. ഏറെനേരം റോഡിൽ പരിക്കേറ്റ് റോഡിൽ കിടന്ന മുരുകനെ നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കൂടെ ആരുമില്ലാത്ത കൊണ്ട് മെഡിസിറ്റി ചികിത്സ നിഷേധിച്ചു. തുടർന്ന് ഏഴു മണിക്കൂറോളമാണ് വിവിധ ആശുപത്രികളിലൂടെ മുരുകൻ ആംബുലൻസിൽ ചികിത്സ തേടി നടന്നത്. പിന്നീട് ആംബുലൻസിൽതന്നെ മരിച്ചു.
ഇതേതുടർന്ന് പോലീസ് കൊല്ലം മെഡിസിറ്റി, തിരുവനന്തപുരം മെഡിക്കൽ കോളജ്, അസീസിയ, കിംസ്, എസ് യുടി എന്നീ അഞ്ച് ആശുപത്രികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബോധപൂർവമല്ലാത്ത നരഹത്യക്കാണു കേസെടുത്തിരിക്കുന്നത്. നരഹത്യ തെളിഞ്ഞാൽ പത്ത് വർഷം വരെ ശിക്ഷ ലഭിക്കാം.