സേവ്യർ കാവാലം
മസ്കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാനിൽ 337 വിദേശികൾക്കും 67 സ്വദേശികൾക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 5029 ആയി. 1436 പേർ രോഗവിമുക്തരായി.
മരണം 20. ആശുപത്രികളിലുള്ള 96 രോഗികളിൽ 31 പേർ തീവ്രപരിചരണത്തിലാണ്. തിങ്കളാഴ്ചയോടെ സമൂഹ വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ കർശന നടപടിയിലേക്കു നീങ്ങുമെന്നാണു സൂചന.
തലസ്ഥാന നഗരിയായ മസ്കറ്റ് ഉൾപ്പെടുന്ന ഗവർണറേറ്റിൽ കർഫ്യൂവും പരിഗണിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മസ്കറ്റിലാണ്.
പൊതുജനങ്ങളുടെ ക്ഷേമം മുൻനിർത്തി ആരോഗ്യവകുപ്പ് നൽകുന്ന അകലം പാലിക്കൽ, കൂട്ടംകൂടാതിരിക്കൽ തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ അഭ്യർഥിച്ചു.
സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിൽ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന സ്ഥാപനങ്ങൾക്കു പിഴ ചുമത്തും. വൈറസ് ബാധയെത്തുടർന്ന് വ്യാഴാഴ്ച റുസ്താഖ് ആശുപത്രിയിൽ മരിച്ച ഫോർട്ട് കൊച്ചി തോപ്പുംപടി കഴുത്തുമുട്ട് സ്വദേശി കൈതേത്ത് സേവ്യറിന്റെ മകൻ വിപിൻ സേവ്യറിന്റെ(31) സംസ്കാരം ഇന്നലെ സോഹാറിൽ നടത്തി.
റോയൽ ഒമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പിതാവ് സേവ്യറും ഭാര്യ അമലയും പിതൃസഹോദരൻ അഗസ്റ്റിൻ സേവ്യറും ഏറ്റുവാങ്ങി.
മതിയായ രേഖകളില്ലാതെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചു കഴിയുന്ന പ്രവാസികൾ പൊതുമാപ്പിനായി ശക്തമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.
അത്തരക്കാർക്ക് പൊതുമാപ്പ് അനുവദിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ ഇന്ത്യൻ എംബസി മുഖേന ഇടപെടണമെന്ന് കമ്യൂണിറ്റി വെൽഫെയർ സെക്രെട്ടറിയും പൊതുപ്രവർത്തകനുമായ പി. എം. ജാബിർ ആവശ്യപ്പെട്ടു.