മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ പഴംപറമ്പിൽ യുവാവ് ഭാര്യയെ ഉറക്കത്തിനിടെ കഴുത്തിന് കുത്തി കൊലപ്പെടുത്തിയതിന് പിന്നിൽ അമിത സംശയമെന്ന് പോലീസ്.
നാട്ടിക്കല്ലിങ്ങൽ ഷഹീറാണ് ഭാര്യ മുഹ്സിലയെ കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസമേ ആയിട്ടുള്ളുവെങ്കിലും ഷഹീറിന് മുഹ്സിലയെ സംശയമായിരുന്നു.
മുഹ്സിലക്ക് സ്വന്തമായി ഫോൺ വാങ്ങി നൽകാതിരുന്ന ഷഹീർ മറ്റു ഫോണുകൾ ഉപയോഗിക്കുന്നതും തടഞ്ഞിരുന്നു.
19 വയസ് തികഞ്ഞപ്പോൾ തന്നെ മുഹ്സിലയ്ക്ക് വീട്ടുകാർ വിവാഹമാലോചിച്ചിരുന്നു.
ഗൾഫിൽ ജോലി ചെയ്യുന്ന ഷഹീറിന്റെ ആലോചന വന്നപ്പോൾ ഉറപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിൽ പത്തു വയസിന്റെ വ്യത്യാസമുണ്ട്.
സംശയരോഗം അസഹ്യമായപ്പോൾ മുഹ്സില ഒരിക്കൽ ഭർതൃവീട്ടിൽ നിന്നും ഇറങ്ങി സ്വന്തം വീട്ടിൽ പോയിരുന്നു. പിന്നീട് വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് തിരിച്ചു പോവുകയായിരുന്നു.
അന്ന് മുഹ്സിലയെ ഷഹീറിന്റ സഹോദരങ്ങളും അമ്മാവനും ചേർന്നാണ് കൂട്ടിക്കൊണ്ടുപോയതെന്ന് മുഹ്സിലയുടെ വീടിന് സമീപത്തുള്ളവർ പറയുന്നു. കൊല്ലപ്പെടുന്നതിനു തലേ ദിവസവും മുഹ്സില സ്വന്തം വീട്ടിലായിരുന്നു.
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഭർത്താവിന്റെ വീട്ടിലേക്ക് പോയത്.
നിക്കാഹ് കഴിഞ്ഞതിന് ശേഷം മുഹ്സില സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ യുവതിയുടെ മാതാവിന്റെ ഫോണിലേക്കാണ് ഷഹീർ സ്ഥിരമായി വിളിച്ചിരുന്നത്.
തന്നേക്കാൾ പ്രായം കുറഞ്ഞ മുഹ്സില മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന സംശയമായിരുന്നു ഷഹീറിന്. ഷഹീർ തന്നെ ഇക്കാര്യം അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം പ്രതി അന്വേഷണവുമായി തീരെ സഹകരിക്കുന്നില്ലെന്ന് പോലിസ് വ്യക്തമാക്കി. താമരശേരി കോടതിയിലും നാടകീയ രംഗങ്ങൾക്ക് വേദിയായി.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ശേഷം കോടതിയിൽ നിന്ന് പുറത്തിറങ്ങിയ പ്രതി റിമാൻഡ് റിപ്പോർട്ടിൽ ഒപ്പിടാൻ തയ്യാറായില്ല.
പോലീസുകാർ ഏറെ നേരം ശ്രമിച്ചങ്കിലും നിരാശയായിരുന്നു ഫലം. അതിനിടെ റിമാൻഡ് റിപ്പോർട്ട് കീറി എറിയുകയും ചെയ്തു.
ഒടുവിൽ പ്രതി ഒപ്പിട്ടിട്ടില്ലന്ന് മജിസ്ട്രേറ്റ് സ്റ്റേറ്റ്മെൻറ് നൽകിയാണ് കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചത്.