കോഴിക്കോട്: അഞ്ചുവര്‍ഷം ഭര്‍ത്താവ് ഭരിച്ച വാര്‍ഡുകളില്‍ ഭരണം നിലനിര്‍ത്താന്‍ ഉജ്വല പോരാട്ടവുമായി ഭാര്യമാര്‍ രംഗത്ത്. കോഴിക്കോട് കോര്‍പറേഷനിലെ 41-ാം വാര്‍ഡായ അരീക്കാടും 48-ാം വാര്‍ഡായ ബേപ്പൂരിലുമാണ് പിന്‍ഗാമികളായി ഭാര്യമാര്‍ എത്തിയത്.
41-ാം വാര്‍ഡായ അരീക്കാട് കൗണ്‍സിലര്‍ എസ്.വി. മുഹമ്മദ് ഷമീലിന്റെ ഭാര്യ അജീബ ഷമീലും 48-ാം വാര്‍ഡായ ബേപ്പൂരില്‍ കൗണ്‍സിലര്‍ ടി. അനില്‍ കുമാറിന്റെ ഭാര്യ ശ്രീജ അനില്‍ കുമാറുമാണ് മത്സരിക്കുന്നത്.
വാര്‍ഡുകള്‍ വനിതാ സംവരണമായി മാറിയതോടെയാണ് ഇരുവരും പോരിനിറങ്ങിയത്. മുസ്ലിംലീഗ് സ്വതന്ത്രയായ അജീബ, ഭര്‍ത്താവ് കഴിഞ്ഞ തവണ ജയിച്ച കുട ചിഹ്നം തന്നെയാണ് ആവശ്യപ്പെട്ടത് .
എറണാകുളം ജില്ലയിലെ മുന്‍കാല ലീഗ് നേതാവ് വി.എസ്.സി. തങ്ങളുടെ മകളാണ് അജീബ. കഴിഞ്ഞ തവണ മേയര്‍ വി.കെ.സി മമ്മദ് കോയ ജയിച്ച അരീക്കാട്ട് അദ്ദേഹം എംഎല്‍എയായി രാജിവച്ചപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഷമീല്‍ സീറ്റ് പിടിച്ചെടുത്തത്.
416 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു അട്ടിമറി ജയം. സീറ്റ് വീണ്ടെടുക്കാന്‍ മുന്‍ കൗണ്‍സിലര്‍ പി. നബീസ സെയ്തുവിനെയാണ് സിപിഎം ഇത്തവണ പോരിനിറക്കിയത്. ബേപ്പൂരില്‍ താമര ചിഹ്നത്തിലാണ് ശ്രീജ അനില്‍കുമാര്‍ മത്സരിക്കുന്നത്.
മുന്‍ സ്ഥിരം സമിതി അധ്യക്ഷ ടി.രജനിയെയാണ് എതിര്‍സ്ഥാനാര്‍ഥിയായി സിപിഎം മത്സരിപ്പിക്കുന്നത്. മുന്‍ ബേപ്പൂര്‍ പഞ്ചായത്തംഗം സഫിയ മൊയ്തീന് കോയയെ ലീഗും മത്സരത്തിനിറക്കിയിട്ടുണ്ട്.
99 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎം സ്ഥാനാര്‍ഥിയെയാണ് അനില്‍ കുമാര്‍ തോല്‍പ്പിച്ചത്.