ധാക്ക: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കർ റഹീം റിക്കാർഡ് ഇരട്ട സെഞ്ചുറിയുമായി കളം നിറഞ്ഞപ്പോൾ സിംബാബ്വെയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 522 ന് ഡിക്ലയർ ചെയ്തു. മുഷ്ഫിക്കർ 421 പന്ത് നേരിട്ട് 219 റണ്‍സുമായി പുറത്താകാതെനിന്നു.
മൊമിനുൾ ഹഖും (161 റണ്‍സ്) മെഹ്ദി ഹസൻ മിർസയും (68 നോട്ടൗട്ട്) മുഷ്ഫിക്കറിന് മികച്ച പിന്തുണ നല്കി. രണ്ടാം ദിനം അവസാനിക്കുന്പോൾ സിംബാബ്വെ ഒന്നാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റണ്‍സ് എടുത്തിട്ടുണ്ട്.
ടെസ്റ്റിൽ ഒരു ബംഗ്ലാദേശ് ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് മുഷ്ഫിക്കറിന്റെ 219 നോട്ടൗട്ട്. ഏറ്റവും അധികം പന്ത് നേരിട്ട റിക്കാർഡും താരം നേടി. ജനുവരി 2017ൽ ഷക്കീബ് അൽ ഹസൻ നേടിയ 217 റണ്‍സ് ആണ് മുഷ്ഫിക്കർ മറികടന്നത്. സിംബാബ്വെയ്ക്കെതിരേ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന ചരിത്രവും താരം സ്വന്തമാക്കി.
സർ ഡോണ്‍ ബ്രാഡ്മാൻ, ജോർജ് ഹെഡ്ലി, വിനോ മങ്കാദ്, ബ്രയാൻ ലാറ, വിരേന്ദർ സെവാഗ് എന്നിവർക്കുശേഷം തങ്ങളുടെ രാജ്യത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റിക്കാർഡ് ഇരട്ട സെഞ്ചുറിയിലൂടെ രണ്ട് തവണ തിരുത്തുന്ന ആദ്യതാരമായി ബംഗ്ല വിക്കറ്റ് കീപ്പർ.
മുഷ്ഫിക്കർ-മൊമിനുൾ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 266 റണ്‍സ് പിറന്നു. എട്ടാം വിക്കറ്റിൽ ഹസൻ മിർസയ്ക്കൊപ്പം അഭേദ്യമായ 144 റണ്‍സ് കൂട്ടുകെട്ടും മുഷ്ഫിക്കർ സ്ഥാപിച്ചു.