ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്ത് ആറ്റാം ചേരിയിൽ ആഫ്രിക്കൻ മുഷി വളർത്തുന്നതിനെതിരെ നടപടിയുമായി അധികൃതർ രംഗത്തെത്തി. ആറ്റാംചേരി സ്വദേശികളായ രാജമാണിക്യം, ഭുവനചന്ദ്രൻ, ശെൽവകുമാരൻ എന്നിവർക്കാണ് പട്ടഞ്ചേരി പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ശശികുമാർ ആഫ്രിക്കൻ മുഷി നീക്കം ചെയ്യണമെന്ന് നിർദേശിച്ച് നോട്ടീസ് നല്കിയിരിക്കുന്നത്.
പഞ്ചായത്ത് പരിധിയിൽ ആഫ്രിക്കൻ മുഷി വളർത്തൽ കുറ്റകരമാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. മീൻ വളർത്തുന്ന കുളത്തിൽ നിന്നും ഇടയ്ക്കിടെ പുഴയിലേക്ക് വെള്ളം ഒഴുകാറുണ്ടെന്ന് സമീപവാസികൾ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താൽതന്നെ പുഴവെള്ളത്തിന് ദുർഗന്ധം വമിച്ചുവരുന്നതായും സൂചിപ്പിച്ച് നാട്ടുകാർ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട് .
കുളത്തിൽ മീനുകൾക്ക് തീറ്റയ്ക്കായി കൊടുവായൂർ ഭാഗത്തുനിന്നും പതിവായി കോഴിയിറച്ചി മാലിന്യവും നിക്ഷേപിക്കാറുണ്ടത്രെ. ഇക്കാരണം കൊണ്ടുതന്നെ കുളത്തിൽ അറവുമാലിന്യം നിക്ഷേപിക്കാൻ പാടില്ലെന്നും പഞ്ചായത്ത് അധികൃതർ താക്കീത് നൽകിയിട്ടുണ്ട്.
ഇതിനിടെ മുഷി വളർത്തലിനെതിരെ പരാതി നൽകിയ യുവാക്കളെ മൊബൈലിൽ ഭീഷണിപെടുത്തുന്നതായും ആരോപണമുണ്ട് . യുവാക്കൾ ഇതുസംബന്ധമായി അധികൃതർക്കും പോലീസിനും പരാതി നല്കാനും ഒരുങ്ങുകയാണ്. കുളത്തിൽ അറവുമാലിന്യം നിക്ഷേപിച്ചതിനാൽ സമീപവീടുകളിലെ കിണർവെള്ളത്തിലും ദുർഗന്ധമുണ്ടാവുന്നുണ്ടെന്ന് ആക്ഷേപമുണ്ട് .