കൂണുകൾ ഫംഗസുകളാണ്. എന്നാൽ എല്ലാ ഫംഗസുകളും കൂണുകളല്ല. ലോകത്താദ്യമായി കൂണ്‍കൃഷി ആരംഭിച്ചത് ഫ്രാൻസിലാണ്. ലൂയിസ് പതിനാലാമന്റെ ഭരണകാലത്ത് പതിനാറാം നൂറ്റാണ്ടിലാണത്. സാധാരണയായി ഫംഗസുകൾക്കു വളരാൻ ഈർപ്പമുള്ള കാലാവസ്ഥ ആവശ്യമാണ്. അത്തരം ഒരു അവസ്ഥയുണ്ടാക്കി അതിൽ കൂണ് വിത്തുവിതറിയാണ് കൂണ്‍കൃഷി ആരംഭിക്കേണ്ടത്.
ഈർപ്പവും തണുപ്പും ഇരുട്ടും നിറഞ്ഞ അന്തരീക്ഷത്തിൽ ഈ വിത്തുകൾ മുളപൊട്ടി കൂണുകളാകും. ഇവയാണു നാം ഭക്ഷിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ മൂന്നുതരം കൂണുകളുണ്ട്.
1. ചിപ്പിക്കൂണ്‍ (Pleurotus)
2. പാൽ കൂണ് (Calocybe indica)
3. വൈക്കോൽ കൂണ് (Volvariella volvacea)
വിവിധ ഘട്ടങ്ങളുള്ള കൂണ് കൃഷി വിത്തു തയാറാക്കൽ
കൂണ്‍വിത്ത് വളർത്തിയെടുക്കുന്നതിന് ഒരു മാധ്യമം ആവശ്യമാണ്. ഇത്തരം മാധ്യമം ഉണ്ടാക്കി അതിൽ കൂണിന്റെ കോശം വളർത്തിയെടുക്കും. നെല്ല്, ഗോതന്പ്, ചോളം തുടങ്ങിവ തിളപ്പിച്ച് കാത്സ്യം കാർബണേറ്റും ചേർത്ത് കൂണ് കൾച്ചർ വികസിപ്പിക്കും. ഓട്ടോക്ലേവും ഇനാക്കുലേഷൻ ചേന്പറും ഉപയോഗിച്ചാണു കൂണ് വിത്തു തയാറാക്കുന്നത്. വിവിധ തരത്തിലുള്ള കൂണ് വിത്തുകൾ പൊതുവിപണിയിൽ ലഭ്യമാണ്.
കൂണ്‍പുര നിർമാണം
വെളിച്ചവും വായൂസഞ്ചാരവും അന്തരീക്ഷ ഈർപ്പവും ശുചിത്വവും കിട്ടുന്ന രീതിയിൽ വേണം കൂണ്‍പുര നിർമിക്കാൻ. 20 അടി നീളവും 10 അടി വീതിയുമുള്ള ഷെഡ്, മധ്യഭാഗം 14 അടി ഉയർത്തി “കൂര’ രൂപത്തിൽ നിർമിക്കുന്നതാണ് ശാസ്ത്രീയം. വായൂ സഞ്ചാരത്തിനായി ജനാലകൾ വയ്ക്കേണ്ടതാണ്.
പ്രാണികൾ കയറാതിരിക്കാൻ ഇതിൽ നെറ്റ് അടിക്കണം. തണുപ്പു നിലനിർത്താൻ നാലിഞ്ച് ഘനത്തിൽ ശുദ്ധമായ മണൽ വിരിച്ച് അതു നനച്ചു കൊടുക്കണം. കാലും കൈയ്യും അണുവിമുക്തമാക്കിയേ കൂണ് പുരയിൽ പ്രവേശിക്കാവൂ.
കൂണ് പുരകളിൽ മൂന്നിലൊരുഭാഗം ഇരുട്ടുമുറികളും ബാക്കി ഭാഗം വിളവെടുപ്പു സ്ഥലവുമായി ഉപയോഗിക്കാം. കൂണ് പുരകളിൽ ഉറികൾ കെട്ടി അഞ്ചാറു തട്ടുകളിൽ കൂണ് ബെഡ്ഡുകൾ വയ്ക്കാം. ദിവസവും അഞ്ചു കിലോയ്ക്ക് മുകളിൽ കൂണ് ലഭിക്കാൻ 10 ബെഡ്ഡുകൾ വീതം ദിവസവും തയാറാക്കണം.
വിളവെടുപ്പും പാക്കിംഗും
വിളവെടുപ്പ് ഒരു നേരമായി ക്രമീകരിക്കണം. രാവിലെ സൂര്യപ്രകാശം പതിക്കുന്നതിനു മുന്‍പ് ശുദ്ധമായ കൈകൾകൊണ്ട് വിളവെടുക്കാം. നനയ്ക്കു മുന്‍പായി വേണം വിളവെടുക്കാൻ. പറിച്ചെടുത്ത കൂണുകൾ പോളി കവറിനുള്ളിൽ വായുകടക്കാത്ത വിധം കെട്ടി, കുറഞ്ഞത് ഒരു മണിക്കൂർ വയ്ക്കണം. അതിനുശേഷം നാലഞ്ച് സുക്ഷിരങ്ങളിട്ട് പി.പി. കവറിലാക്കാം. 200 ഗ്രാം വീതം പൂ വയ്ക്കുന്നതുപോലെ അടുക്കി വിൽപ്പനയ്ക്കെത്തിക്കാം.
രോഗങ്ങളും കീടങ്ങളും
കീടങ്ങൾ, പ്രാണികൾ, സൂക്ഷ്മ ജീവികൾ, കളകൂണുകൾ, മണ്ഡരി കൾ എന്നിവയാണ് കൂണിന്റെ പ്രധാന ശത്രുക്കൾ. അതിൽ പ്രധാനി എലിയാണ്. ഒച്ച്, പാറ്റ എന്നിവയും കൂണി നെ ആക്രമിക്കുന്നു.
പ്രതിരോധം
കൂണ് കൃഷിയെ ബാധിക്കുന്ന കീടങ്ങൾ കൂടുതലും പച്ചിലകളിലാണ് ഒളിഞ്ഞിരിക്കുന്നത്. അതിനാൽ കൂണ് കൃഷി ചെയ്യുന്ന ഷെഡ്ഡുകൾക്ക് അരികിലായി പച്ചിലക്കാടുകൾ വളരാൻ അനുവദിക്കരുത്. ഷെഡ്ഡുകളുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം. കൂണ്പുരയ്ക്ക് അകത്തും പുറത്തും നീറ്റു കക്ക വിതറുന്നതും ഇടയ്ക്കുള്ള കീടനാശിനി പ്രയോഗവും നല്ലതാണ്.
വിളവെടുത്തുകഴിഞ്ഞതും കേടുബാധിച്ചതുമായ ബെഡ്ഡുകൾ കുഴിച്ചു മൂടാം. കീടബാധ ഒഴിവാക്കുന്നതിന് കൂണ്‍പുര ഫോർമാലിൻ പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിച്ച് ഫൂമിഗേറ്റ് ചെയ്യുന്നതു നല്ലതാണ്. കീടനാശിനികളുടെ ഉപയോഗം പരമാവധി ഒഴിവാക്കേണ്ടതാണ്.
കൂണ് വിഭവങ്ങൾ
കൂണ് വിഭവങ്ങൾക്കു സ്വാദു മാത്രമല്ല, വളരെയേറെ പോഷകഗുണ ങ്ങളുമുണ്ട്. കൂണ് സൂപ്പ്, കൂണ് ഓംലറ്റ്, കൂണ് ബജി, കൂണ് ബിരിയാണി, കൂണ് സമോസ, കൂണ് കട്ട്ലെറ്റ് തുടങ്ങിയവ ഇന്നു നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള വിഭവങ്ങളാണ്. അത്താഴത്തിനും പ്രാതലിനുമൊക്കെ കൂണ് വിഭവങ്ങൾ ഉപയോഗിക്കാം.
ആരോഗ്യത്തിനും ആദായത്തിനും പ്രകൃതി തന്ന വരദാനമാണു കൂണ്. ഇതൊരു കനകവിളയെന്നു പറഞ്ഞാലും തെറ്റില്ല. കൂണ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകാൻ സാധ്യതയില്ല. മാംസാഹാരത്തിനു പകരം വയ്ക്കാൻ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലതന്നെ. പ്രോട്ടീൻ, അമിനോ ആസിഡുകൾ എന്നിവ ധാരാളമുണ്ട്.
രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള കഴിവു മുണ്ട്. വിറ്റാമിൻ എ, സി, ഡി, കെ എന്നിവയുടെ കലവറയാണ്. എല്ലുകൾക്കും പല്ലുകൾക്കും നല്ലതുമാണ്. പുരുഷ·ാരിലെ പ്രോസ്റ്റേറ്റ് കാൻ സറിനെ കൂണ് തടയുമെന്നു പുതിയ പഠനങ്ങളുണ്ട്.
ഭാരവും അമിത വണ്ണവും കുറയ്ക്കാനും കൂണിനു ശേഷിയുണ്ട്. ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തിൽ ഉൗർജമാക്കി മാറ്റാൻ കൂണിൽ അടങ്ങിയിരിക്കുന്ന പദാർഥങ്ങൾക്കു കഴിയും. വിറ്റാമിൻ ബി-2, ബി-3 എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. കൂണ് ദിവസവും ആരാഹത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും.
ലാഭമുള്ള കൃഷി
വിപണന സാധ്യത, ലളിതമായ കൃഷിരീതി, കുറഞ്ഞ മുതൽ മുടക്ക്, ഇരട്ടിലാഭം ഇതൊക്കെയാണ് ഈ കൃഷിയുടെ പ്രത്യേകതകൾ. കൃഷി തുടങ്ങി 30-ാം ദിവസം മുതൽ വിളവെടുക്കാം. ലാഭകരമായ കൂണ് കൃഷിയിൽ ഹൈ-ടെക് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ ഇന്നു കേരളത്തിലുണ്ട്. യാതൊരുവിധ രജിസ്ട്രേഷനോ, ലൈസൻസോ ഈ കൃഷിക്ക് ആവശ്യമില്ലെന്നതും എടുത്തു പറയേണ്ടതാണ്.
അഡ്വ. ജി വിജയൻ
ഫോണ്‍: 94476 54153