വളരെയേറെ പോഷക ഗുണമുള്ള ആഹാരമാണ് കൂണുകൾ. ഡയറ്റ് ചെയ്യുന്നവർ പ്രധാനമായും അവരുടെ ഭക്ഷണത്തിൽ കൂണുകൾ ഉൾപ്പെടുത്താറുണ്ട്. വൈറ്റമിൻ ഡി കുറവുള്ളവർക്ക് വളരെ നല്ലൊരു ഭക്ഷണമാണ് കൂണ്. കുടലിന്റെ ആരോഗ്യത്തിനും, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും, ഊര്‍ജം പകരാനും കൂണുകൾ സഹായിക്കും.
മഴ പെയ്യുന്നതിനു മുൻപ് പണ്ടൊക്കെ വീട്ടിലെ തൊടിയിൽ കൂണുകൾ പൂക്കുമായിരുന്നു. അരിക്കൂണുകൾ, ബട്ടൺ കൂണുകൾ അങ്ങനെ പോകുന്നു കൂണുകളുടെ നിരകൾ. എന്നാൽ കാലം മുന്നോട്ട് കടന്നപ്പോൾ അന്യം നിന്നു പോയൊരു ഭക്ഷണമായി കൂണുകൾ മാറി. ഇന്ന് തൊടിയുമില്ല അവിടെ പൂക്കുന്ന കൂണുകളുമില്ല.
കടകളിൽ പായ്ക്കറ്റുകളായി കൂണുകൾ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ കൂണുകൾ കേട്ടിട്ടുണ്ടോ? മാറ്റ്സുടേക്ക് എന്നാണ് ഈ കൂണുകൾ അറിയപ്പെടുന്നത്. ജാപ്പനീസ് പാചകരീതിയിൽ ഉൾപ്പെടുന്ന ഒരു വിഭവമാണ് ഇവ.ഇത്തരം കൂണുകൾ വളരെ വിരളമായാണ് ലഭിക്കുന്നത്. അതിനാൽ തന്നെ വലിയ വില കൊടുക്കേണ്ടി വരും ഇവയ്ക്ക്. ഏകദേശം $1,000 മുതൽ $2,000 വരെ അതായത് 75,000 മുതൽ 1.5 ലക്ഷം രൂപ വരെ വിലമതിക്കുന്നതാണ് ഇവ. മാംസം പോലെയാണ് ഇത്തരം കൂണുകളുടെ മണവും.