പ്രണയദിനത്തില്‍ മനസില്‍ കുളിര്‍മഴ പെയ്യിച്ച് ഒരു പ്രണയഗാനം ! ‘ഇനി’ സോഷ്യല്‍ മീഡിയയുടെ പ്രണയം കവരുന്നു…

ഇന്നു പ്രണയദിനം. ഒരു സ്നേഹ വര്‍ഷം പോലെ… ഒരു ഹൃദയത്തില്‍ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് അലയൊടിച്ചൊഴുകുന്ന തിരകളാണ് പ്രണയം.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു പ്രണയം തോന്നാത്തവരായി ആരുമുണ്ടാവില്ല. അതൊരാഘോഷമാണ്. പ്രണയിക്കുന്നവര്‍ക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പ്രണയം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും പ്രണയിക്കാനൊരുങ്ങുന്നവര്‍ക്കുമെല്ലാം.

പലപ്പോഴും തളിരിടുന്നതും പൊഴിയുന്നതുമായി തീരുന്നു പ്രണയം. അത് വിവാഹത്തിലേക്കുള്ള ചവിട്ടു പടി മാത്രമല്ല, വിവാഹത്തിനു ശേഷവും ജീവിതത്തിനു നിറവും സുഗന്ധവും പൊഴിക്കുന്നതാകണം.

അനുരാഗത്തെ സ്നേഹപൂരിതമായി ആത്മാര്‍ഥതയോടെ ഹൃദയങ്ങളില്‍ താലോലിക്കുന്നവര്‍ക്കായി ഈ പ്രണയ ദിനത്തില്‍ മറ്റൊരു ഒരു പ്രണയ കാലം സമ്മാനിക്കുകയാണ് ‘ഇനി’ സംഗീത ആല്‍ബം.


പെയ്തൊഴിഞ്ഞ വര്‍ഷ കാലം തളിരിലകള്‍ക്കു ജീവനേകി. ഇനി വിടരുന്ന ഓരോ വസന്തത്തിലും… ഇണയായെന്നും നിന്റെ ചാരെ… എന്നോര്‍മ്മപ്പെടുത്തലോടെ എത്തുന്ന സംഗീത ആല്‍ബത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത് ഡേവിഡ് ഷോണാണ്.

2015-ല്‍ ഡേവിഡ് ഷോണ്‍ സംഗീതം നല്‍കി പുറത്തിറങ്ങിയ ലൗവ് സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിനെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഈ ആല്‍ബത്തിലൂടെ.

പിന്‍ നിലാവിന്‍ കനക ലിപിയില്‍ വാനം എഴുതിയ കവിതകള്‍ എന്നു തുടങ്ങുന്ന ഗാനത്തിനു രചന ഒരുക്കിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

തികച്ചും പ്രണയം പൊഴിക്കുന്ന സംഗീതവും വരികളും ഒത്തു പേരുമ്പോള്‍ ഈ പ്രണയ കാലം വീണ്ടും മനസിലേക്കു മറ്റൊരു വസന്തം വിരിയിക്കുകയാണ്. സച്ചിന്‍ വാരിയറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശ്രുതിമോന്‍ സംവിധാനം ചെയ്തിരിക്കുന്ന സംഗീത ആല്‍ബത്തില്‍ ബെന്‍സന്‍ മാത്യു, അലീന ജോസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഷൈന്‍ സിദ്ധാര്‍ഥിന്റേതാണ് ഛായാഗ്രഹണം

വിവാഹത്തിനു ശേഷം മറന്നു പോകുന്ന പ്രണയവും ചെറിയ ചെറിയ ഇഷ്ടങ്ങളും ഓര്‍മപ്പെടുത്തുകയാണ് ഈ സംഗീത ആല്‍ബം. ഇനിയും ഒരു പ്രണയകാലം ബാക്കിയുണ്ടെന്നു പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തിയാണ് ‘ഇനി’…

Related posts

Leave a Comment