ചിത്രം പുറത്തിറങ്ങുംമുന്പേ ആരാധകരുടെ ഹൃദയം കീഴടക്കിയ ഗാനമാണ് മറുവാർത്തൈ പേസാതെ…. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിലാണ് ഈ പാട്ട്. പുറത്തുവന്നിട്ടും ഇതിന്റെ സംഗീത സംവിധായകൻ ആരാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല. ആ അജ്ഞാത സംഗീത സംവിധായകന്റെ പേര് മിസ്റ്റർ എക്സെന്നാണ് അണിയറപ്രവർത്തകർ പറഞ്ഞത്.
എന്നാൽ ഒടുവിൽ ആ അജ്ഞാതന്റെ പേര് ഗൗതം മേനോൻ പുറത്തുവിട്ടു. ആരാധകർ പ്രവചിച്ചതു പോലെ എ.ആർ റഹ്മാനോ ഹാരിസ് ജയരാജോ ഇളയരാജയോ അല്ല മിസ്റ്റർ എക്സ്. ശശി കുമാറിന്റെ കിടാരി എന്ന ഒറ്റ ചിത്രത്തിനുമാത്രം സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ദാർബുക ശിവയാണ് ആൾ. നടൻ കൂടിയായ ദാർബുക ധനുഷ് ചിത്രം തൊടരി യിൽ അഭിനയിച്ചിട്ടുമുണ്ട്.ഗാനം പുറത്തിറങ്ങി ഇതുവരെ രണ്ടുകോടിയിലധികമാളുകളാണ് ഇത് യൂട്യൂബിൽ കണ്ടത്.